കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം
തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടുപേര്‍ പൊലിസില്‍ അഭയംതേടി
കണ്ണൂര്‍: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ രാവിലെ പത്തോടെ ഡി.സി.സി ഓഫിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ-സംസ്ഥാന ഭാരവാഹികള്‍, ദേശീയസമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനതലത്തില്‍ എ, ഐ ഗ്രൂപ്പുകളാണ് പ്രധാനമായും മത്സരത്തിലുള്ളതെങ്കിലും കണ്ണൂരില്‍ ഐ വിഭാഗത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് കെ. സുധാകരനെ അനുകൂലിക്കുന്ന ഐ വിഭാഗവും എ ഗ്രൂപ്പും ഒന്നിച്ചാണ് മത്സരിച്ചത്. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഐ വിഭാഗമായിരുന്നു എതിര് സ്ഥാനത്ത്. ജില്ലാ പ്രസിഡന്റ്, രണ്ടുവീതം ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് കെ.സി വേണഗോപാല്‍ വിഭാഗം മത്സരിച്ചത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജില്ലയിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ മനസാക്ഷി വോട്ടുചെയ്യാനാണ് കെ.സി വിഭാഗം നിര്‍ദേശിച്ചത്. എന്നാല്‍ കെ.സി വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് എത്താനായില്ല. ഇവര്‍ എത്താനാവില്ലെന്ന് അറിയിച്ചതോടെ വോട്ടെണ്ണല്‍ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയവര് തീരുമാനിച്ചു.
ഇതിനെ സുധാകരവിഭാഗം എതിര്‍ത്തു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഫലപ്രഖ്യാപനം നടത്താതെ പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് റിട്ടേണിങ് ഓഫിസര്‍മാരെ ഒരുസംഘം തടഞ്ഞുവച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടുപേര്‍ പൊലിസില്‍ അഭയംതേടി.
റിട്ടേണിങ് ഓഫിസര്‍മാരെയും ബാലറ്റ് പെട്ടിയും ഡി.സി.സി ഓഫിസില്‍നിന്ന് പൊലിസാണ് പുറത്തെത്തിച്ചത്. മണിക്കൂറോളം റിട്ടേണിങ് ഓഫിസര്‍മാര്‍ പൊലിസ് സ്റ്റേഷനില്‍ അഭയം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."