കുട്ടികളുടെ അശ്ലീലം ഫേസ്ബുക്ക്, വാട്‌സാപ്പ്, ഗൂഗിള്‍ എന്നിവക്ക് ലക്ഷങ്ങളുടെ പിഴ
ന്യൂഡല്‍ഹി: കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും സുപ്രിം കോടതി ഒരു ലക്ഷം രൂപ വീതം പിഴചുമത്തി.
ഫേസ്ബുക്ക് ഇന്ത്യ, ഫേസ്ബുക്ക് അയര്‍ലന്‍ഡ്, വാട്‌സാപ്പ്, ഇന്റര്‍നെറ്റ് തിരച്ചില്‍ എന്‍ജിനുകളായ യാഹൂ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐ.എന്‍.സി, മൈക്രോസോഫ്റ്റ് എന്നിവക്കാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ജസ്റ്റിസ് യു.യു ലളിത് എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് പിഴചുമത്തിയത്. അക്രമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലൈംഗിക അതിക്രമ വീഡിയോകള്‍ തടയണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ പ്രജ്ജ്വല നല്‍കിയ ഹരജിയാണ് സുപ്രിം കോടതിയുടെ സാമൂഹികനീതി ബെഞ്ച് മുമ്പാകെയുള്ളത്. കേസില്‍ അന്വേഷിക്കാന്‍ കോടതി അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടംഗബെഞ്ച് ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ മാസം16നു നോട്ടീസയച്ചിരുന്നു. എന്നാല്‍, നോട്ടിസിനോട് കമ്പനികള്‍ പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയുടെ ഭാഗമായി പിഴചുമത്തിയത്. വിശദാംശങ്ങള്‍ അടുത്തമാസം 15നകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്നതിനു തടയാനായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള വെബ്‌സൈറ്റ് തുടങ്ങാനുള്ള ശ്രമം ഇനിയും എവിടെയും എത്തിയിട്ടില്ലെന്നും ഈ സംവിധാനം മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."