വനഭൂമി ക്വാറികള്‍ മാഫിയക്ക് തീറെഴുതിക്കൊടുക്കാന്‍ നീക്കം: മലയോര സംരക്ഷണ സമിതി
തൃശൂര്‍: ജില്ലയിലെ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നടത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 650 ഏക്കറോളം വനഭൂമി പാറമട, ക്രഷര്‍ മാഫിയകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ മന്ത്രിമാര്‍ പ്രത്യക്ഷ ഇടപെടല്‍ നടത്തുന്നതായി മലയോര സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജില്ലാ കലക്ടര്‍, ഡി.എഫ്.ഒ, ജില്ലാ സര്‍വേ സൂപ്രണ്ട്, വില്ലേജ് ഓഫിസര്‍ എന്നിവരില്‍ സമ്മര്‍ദം ചെലുത്തി കാര്യങ്ങള്‍ ക്രഷര്‍ മാഫിയക്ക് അനുകൂലമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്നത്.
സര്‍വേ സൂപ്രണ്ടിനെ കൊണ്ട് സ്ഥലത്ത് സര്‍വേ നടത്തിക്കാതെ വ്യാജ രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൊടുപ്പിക്കുകയും തുടര്‍ന്ന് അവധി എടുപ്പിക്കുകയും ചെയ്തു. സ്റ്റോപ്പ് മെമ്മോ കൊടുത്ത് തുടര്‍ നടപടിക്ക് തുനിഞ്ഞ മുളയം വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി.
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറെ സ്ഥലം മാറ്റി പകരം ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിവാദ അനുമതി നല്‍കിയ തങ്കപ്പന്‍ എന്ന എന്‍ജിനീയറെ നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് അടിയന്തര അന്വേഷണത്തിന് വിധേയമാക്കണം. പരാതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മലയോര സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍ സമയപരിധി പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ക്രഷര്‍ തുറക്കുമ്പോള്‍ നോക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇക്കഴിഞ്ഞ 14ന് പാറമടക്കും ക്രഷറിനുമെതിരായി എല്‍.ഡി.എഫ് ഭരിക്കുന്ന നടത്തറ പഞ്ചായത്തില്‍ ഗ്രാമസഭ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഇതേവരെ തയ്യാറായിട്ടില്ല. സ്ഥലം എം.എല്‍.എ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.
പാറമട നിലനില്‍ക്കുന്ന 800 മീറ്റര്‍ ചുറ്റളവില്‍ 350ഓളം വീടുകളുണ്ടെന്നും സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ക്രഷര്‍ മാഫിയക്കെതിരേ രംഗത്തുണ്ടെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
സമിതി ചെയര്‍മാന്‍ ജോബി കൈപ്പാങ്ങല്‍, സെക്രട്ടറി സുരേഷ് തൈക്കൂട്ട്, വൈസ് പ്രസിഡന്റ ടി.ജെ ജോണ്‍, പി.എന്‍ ഷാജി, ടി.ടി രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."