കെ.ടി മുഹമ്മദിനെ നഗരം അനുസ്മരിച്ചു
കോഴിക്കോട്: മലയാള നാടക വേദിയിലെ നിറ സാന്നിധ്യമായിരുന്ന കെ.ടി മുഹമ്മദിനെ നഗരം അനുസ്മരിച്ചു.
കെ.ടിയുടെ ഒന്‍പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ട് ഗാലറിയില്‍ ഒരുക്കിയ കെ.ടി സ്മൃതി ചിത്രങ്ങള്‍ ഫോട്ടോ പ്രദര്‍ശനവും അനുസ്മരണ സദസും പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു.
കഥാപാത്രങ്ങളെ യഥാര്‍ഥ തലങ്ങളിലേക്ക് കൊണ്ട് വന്ന് രംഗവേദിയെ പരീക്ഷണ ശാലയാക്കിയ വ്യക്തിയായിരുന്നു കെ.ടി മുഹമ്മദെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തില്‍ സാമൂഹ്യോന്‍മുഖമായ വിഷയ സ്വീകരണ പ്രവണതകള്‍ രംഗവേദിയില്‍ സജീവമാക്കാന്‍ അദ്ദേഹം തന്റെ കഴിവുകളെ ഉപയോഗപ്പെടുത്തിയെന്നും പോള്‍ കല്ലാനോട് അനുസ്മരിച്ചു. കെ.കെ.സി പിള്ള അധ്യക്ഷനായി. കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി ലളിതപ്രഭ, കെ.സുരേഷ് കുമാര്‍,സുരേഷ് കല്‍പത്തൂര്‍ സംസാരിച്ചു. ശേഷം ഗിരീഷ് കളത്തില്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'മൂരി' തെരുവ് നാടകവും, കുഞ്ഞന്‍ ചേളന്നൂരിന്റ നേതൃത്വത്തില്‍ നാടന്‍പാട്ടും അരങ്ങേറി. പത്മ പ്രഭ പുരസ്‌കാര നിറവിലെ കെ.ടിയും നാടക വേദിയിലെ കെ.ടിയും പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനം. നാടകകാരന്‍ കെ.ടി മുഹമ്മദിന്റെ ഖബര്‍ വരെയാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനവും അനുസ്മരണ പരിപാടികളും 25 വരെ തുടരും.
ഇന്ന് വൈകിട്ട് അഞ്ചിന് കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ വിഷയത്തില്‍ സെമിനാറും, ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."