നിര്‍ദിഷ്ട തിരുവമ്പാടി സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് അനുകൂലമായ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല
തിരുവമ്പാടി: മലയോര മേഖലയുടെ സിരാ കേന്ദ്രമായ തിരുവമ്പാടിയില്‍ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് സ്ഥാപിക്കുന്നതുമായി ബണ്ഡപ്പെട്ട് വകുപ്പ് തലത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
പുതിയ ഓഫിസിന് കീഴില്‍ വരുന്ന വില്ലേജുകള്‍ ഉള്‍പ്പെടെ നിര്‍ണയിച്ച് തയാറാക്കിയ റിപ്പോട്ടാണ് കൊടുവള്ളി ആര്‍.ടി ഓഫിസ് പൂഴ്ത്തിയത്. തിരുവമ്പാടിയില്‍ ഓഫിസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം സംരക്ഷണ സമിതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, താമരശ്ശേരി ബിഷപ്പ് എന്നിവരുടെ കവറിങ് ലെറ്റര്‍ അടക്കം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊടുവള്ളി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ് ഫ്രാന്‍സീസിനെ ചുമതലപ്പെടുത്തിയത്. തിരുവമ്പാടിയില്‍ സബ് ആര്‍.ടി ഓഫിസ് തുടങ്ങുന്നതിന് അനുകൂലമായിരുന്നു റിപ്പോര്‍ട്ടെന്ന് വിവരാവകാശ രേഖയില്‍ നിന്നാണ് നാട്ടുകാര്‍ അറിയുന്നത്.
മലയോര മേഖലയിലെ കര്‍ഷകരും തൊഴിലാളികളും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരും വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുള്ള കൊടുവള്ളി ഓഫീസില്‍ എത്തിച്ചേരാന്‍ വളരെയധികം പ്രയാസപെടുകയാണ്.
30 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് കൊടുവള്ളി ഓഫീസിന്റെ പരിധി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ഉള്‍പെടുത്തി പുതിയ സബ് ആര്‍.ടി.ഓഫിസ് ആരംഭിക്കാനായിരുന്നു തീരുമാനം. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളുടെ ഏറിയ ഭാഗവും മലയോര പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ നിന്ന് കൊടുവള്ളിയില്‍ എത്തിചേരാന്‍ ഏറെ പ്രയാസകരമാണ്. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുതിയ റജിസ്‌ട്രേഷന്‍, ഇതിനാവശ്യമായ വാഹന പരിശോധന ഡ്രൈവിങ് ടെസ്റ്റ് എന്നിവയ്ക്കായി വാഹനങ്ങളടെയും ആവശ്യക്കാരുടെയും വലിയ തോതിലുള്ള തിരക്കാണ് കൊടുവള്ളി ഓഫിസില്‍ അനുഭവപെടുന്നത്. പുതിയ ഓഫിസ് ആരംഭിച്ചാല്‍ മലയോര മേഖലയുടെ വികസനത്തിനു വഴിയൊരുങ്ങുന്നതിനൊപ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."