വനിതാമിത്ര കേന്ദ്രത്തിന്റേയും ഷീ ലോഡ്ജിന്റേയും ശിലാസ്ഥാപനം നടത്തി
കാക്കനാട്: ജില്ലയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് തൃക്കാക്കര നഗരസഭാ പരിധിയിലെ കുന്നുംപുറത്ത് സാമൂഹ്യനീതി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതാ മിത്ര കേന്ദ്രവും ഷീ ലോഡ്ജും സജ്ജമാകുന്നു. 13 കോടി രൂപയോളം ചെലവു വരുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സ്ത്രീകളും പുരുഷന്മാരും ബോധവല്‍കരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പൊറുക്കാനാവില്ല. കുഞ്ഞുങ്ങളെ ആക്രമിക്കുന്നവരെ ഉടനടി പിടികൂടാന്‍ സഹായിക്കുന്നതില്‍ ശിശു വികസന വകുപ്പ് സദാ ജാഗരൂകരാകണം. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കണം. വിവാഹമോചനം, രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് വിവിധ ജില്ലകളില്‍ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവീന മാതൃകയിലാണ് വനിതാ മിത്ര കേന്ദ്രം എന്ന പേരില്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നത്. ഇതിനു പുറമേ ജോലി സംബന്ധമായോ വ്യക്തിപരമായോ ഉള്ള ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് ചുരുങ്ങിയ കാലയളവിലേക്ക് കുറഞ്ഞ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഷീ ലോഡ്ജ്.
കുന്നുംപുറത്ത് വനിതാ വികസന കോര്‍പ്പറേഷന്റെ കൈവശത്തിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ഒമ്പത് കോടി രൂപ ചെലവില്‍ വനിതാ മിത്ര കേന്ദ്രവും നാലു കോടി രൂപ ചെലവില്‍ ഷീ ലോഡ്ജും നിര്‍മിക്കുന്നത്.
വനിതാ മിത്ര കേന്ദ്രത്തില്‍ 60 വനിതകള്‍ക്കും ഷീ ലോഡ്ജില്‍ 30 വനിതകള്‍ക്കുമാണ് താമസ സൗകര്യം ഒരുക്കുക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വനിതാ മിത്ര കേന്ദ്രത്തിന്റെ നിര്‍മ്മാണം. 18 മാസം കൊണ്ട് രണ്ട് പദ്ധതികളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.എസ്. സലീഖ അധ്യക്ഷയായി.
മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി. ഓമന, വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ അന്നമ്മ പൗലോസ്, ടി.വി. മാധവിയമ്മ, കെ.എം. ലീലാമണി, തൃക്കാക്കര നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ സീന റഹ്മാന്‍, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ പ്രീതി വില്‍സണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ റജീന ടി.എം, വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ എം.ആര്‍ രംഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."