വയലില്‍ ചകിരി നിക്ഷേപിച്ച് മണ്ണിട്ടു; കൈതക്കോട്ടുകുളം മലിനമാകുന്നു
പട്ടിക്കാട്: സ്വകാര്യവ്യക്തി വയലില്‍ ചകിരി നിക്ഷേപിച്ചതോടെ അന്‍പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുളം മലിനമാകുന്നതായി പരാതി. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ പട്ടിക്കാട് ചുങ്കത്തെ കുളത്തിലെ വെള്ളമാണ് നിറമാറ്റം മൂലം ഉപയോഗശൂന്യമായത്.
തൊട്ടടുത്തുള്ള വയലില്‍ ചകിരി നിക്ഷേപിച്ച് അതിന് മുകളില്‍ മണ്ണിട്ട നിലയിലാണ്. ഇതിനു മുകളില്‍ വാഴകൃഷിയും കവുങ്ങിന് തൈകളും നട്ടിട്ടുണ്ട്. മഴ പെയ്യുന്നതോടെ മണ്ണിനടിയില്‍ കിടന്ന് ചീയുന്ന ചകിരിയില്‍ നിന്ന് ഒലിച്ചെത്തുന്ന മലിനജലം കുളത്തിലേക്ക് ഇറങ്ങുന്നതാണ് വെള്ളം മലിനമാകാന്‍ കാരണമാകുന്നത്.
ചകിരി നിറച്ച സ്ഥലം ഉയര്‍ന്നും കുളം താഴ്ന്നുമായതിനാല് മലിനജലം എളുപ്പം ഒലിച്ചെത്തുന്നു. ചകിരി നീക്കം ചെയ്ത് കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി നെല്‍കൃഷിയിറക്കിയിരുന്ന സ്ഥലം തരംമാറ്റുകയാണെന്ന് പരാതിയില്‍ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കൃഷി ഓഫിസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 1982ല്‍ നിര്‍മിച്ച കുളം നാട്ടുകാര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചുവരികയാണ്.
എന്നാല്‍, വെള്ളം മലിനമായതോടെ ഈ വേനലില്‍ ഉപയോഗിക്കാനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തര നടപടികളെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."