പാല്‍ ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്: മന്ത്രി കെ. രാജു
അടിമാലി: പാല്‍ ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി കെ. രാജു. മില്‍മ എറണാകുളം മേഖലാ ക്ഷീരോല്‍പാദക യൂണിയനും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി അടിമാലി മച്ചിപ്ലാവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിനു കീഴിലെ നാല് ആദിവാസിക്കുടികളില്‍ നടപ്പാക്കുന്ന പശു പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലീറ്റര്‍ പാലിനു നാലു രൂപവീതം വര്‍ധിപ്പിച്ചു നല്‍കി. ഇതോടൊപ്പം ക്ഷീര വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവ വഴി കാലിത്തീറ്റയ്ക്കും മറ്റും ശരാശരി നാലു രൂപയോളം സബ്‌സിഡി ഇനത്തില്‍ നല്‍കുകയും ചെയ്യുന്നു.
ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനം പാല്‍ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്തതയിലാകും. മിച്ചം വരുന്ന പാല്‍ ഉപയോഗിച്ചു മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മില്‍മ എറണാകുളം മേഖലാ ക്ഷീരോല്‍പാദക യൂണിയന്‍ ചെയര്‍മാന്‍ പി.എ. ബാലന്‍ അധ്യക്ഷനായിരുന്നു.
മന്ത്രി എം.എം. മണി, മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം ടി. ജോസഫ്, മുന്‍ ചെയര്‍മാന്‍ പി.എസ്. സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, പോള്‍ മാത്യു, കെ.പി. ബേബി, ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, എം.പി. വര്‍ഗീസ്, അച്ചാമ്മ ചാക്കോ, ഷേര്‍ളി ജോസഫ്, ഡോ. എം. മുരളീധരദാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."