ആത്മഹത്യയിലേക്ക് നയിച്ചത് കടക്കെണിയെന്ന് സൂചന
മംഗലപുരം: ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രീകുമാറിനെ പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതകളെന്നു സൂചന.
ശ്രീകുമാര്‍ ലോട്ടറിയുടെ മൊത്തവിതരണ ഏജന്‍സി നടത്തിയിരുന്നു. ആത്മഹത്യാ കുറുപ്പില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ച ഒരു ലോട്ടറി ടിക്കറ്റ് 41 ലക്ഷം രൂപ കടമെടുത്ത് കൊടുത്ത് ഒരു ഏജന്റില്‍ നിന്ന് വാങ്ങിയതായും ഈ ടിക്കറ്റ് ബാങ്കില്‍ നല്‍കിയപ്പോള്‍ അതു വ്യാജമാണെന്ന് കണ്ടെത്തിയതായും പറയുന്നുണ്ട്. എന്നാല്‍ അത്തരം ഒരു ടിക്കറ്റ് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പോലീസിനു നല്‍കിയ വിവരം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പണം ചിലവഴിച്ച് കടക്കെണിയില്‍ ആയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇപ്പോള്‍ മണ്‍വിളയിലും കുളത്തൂര്‍ ശാന്തി നഗറിലും രണ്ടു വീടുകളുടെ പണികള്‍ നടന്നു വരുന്നുണ്ട്.
കുളത്തൂരില്‍ ഒരു ആറംഗകുടുംബത്തിലെ നാലുമക്കളില്‍ മൂന്നാമനായിരുന്നു ശ്രീകുമാര്‍. ഉച്ച ഭാഷിണി സെറ്റിനോടൊപ്പവും ഇലക്ട്രിക് ജോലികളിലും ഏര്‍പ്പെട്ടിരുന്ന ഇയാള്‍ തമിഴ്‌നാട്ടിലെ ഇന്‍സ്റ്റാള്‍മെന്റ് കമ്പനിയോടൊപ്പം ചേര്‍ന്ന് എറണാകുളത്തെത്തിയപ്പോഴാണ് ശുഭയെ പരിചയപ്പെടുന്നത്. വൈകാതെ പ്രണയത്തിലായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ എറണാകുളത്തു വച്ച് വിവാഹവും നടന്നു.
കുളത്തൂരിലെ കുടുംബവീട്ടില്‍ താമസിച്ചു വരുന്നതിനിടെ ശ്രീകുമാര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറി. ഇതിനിടെ കുറച്ചുനാള്‍ മില്‍മയിലും താല്‍ക്കാലിക ജോലി നോക്കി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നന്നായി മുന്നേറുന്നുവെന്നായിരുന്നു ബന്ധുക്കള്‍ കരുതിയിരുന്നത്. മൂന്നു വര്‍ഷം മുന്‍പാണ് കുടുംബവീട്ടില്‍ നിന്നും തോന്നയ്ക്കല്‍ കുടവൂര്‍ ക്ഷേത്രത്തിനു സമീപം ഐക്കുട്ടിക്കോണം പ്ലാവറയില്‍ രാജപ്പന്‍ നായരുടെ രാജ്ദീപ് എന്ന വാടകവീട്ടിലേക്ക് താമസം മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."