സ്ത്രീകള്‍ക്ക് സ്വയംനിര്‍ണയാവകാശം നഷ്ടപ്പെടുന്നു: എന്‍. സുകന്യ
കണ്ണൂര്‍: സ്ത്രീകള്‍ക്ക് സ്വയംനിര്‍ണയാവകാശം നഷ്ടപ്പെടുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം എന്‍. സുകന്യ. കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകന്യ.
സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനോ ജീവിത പങ്കാളിയെയോ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഇഷ്ടമുള്ള ജീവിത പങ്കാളിയെ കണ്ടെത്തിയതിന് കേരളത്തില്‍പോലും ദുരഭിമാനകൊല നടക്കുന്നു. ദുരഭിമാനക്കൊലകള്‍ മഹത്വവല്‍ക്കരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് നേരെയും കൂടിയാണ്. ഇതാണ് ഉന്നാവോ, കത്വ അതിക്രമങ്ങളില്‍ സംഭവിച്ചത്.
ലൈംഗികാതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരേ ശിക്ഷയെന്ന് ഇപ്പോള്‍ ആവശ്യമുയരുന്നുണ്ട്. ഇതിനോട് യോജിപ്പില്ല. ഒരേ ശിക്ഷയായാല്‍ പീഡനങ്ങളില്‍ ഇര കൊല്ലപ്പെടുകയാണ് ചെയ്യുക. ഇതിലൂടെ തെളിവ് നശിക്കുകയും ചെയ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ആര് സ്മിത അധ്യക്ഷയായി. ആര്. രേഖ, കെ.പി.വി പ്രീത, കെ. കൃഷ്ണകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."