കണ്ണൂര്‍ ടെറിയേഴ്‌സ് വീണ്ടും അതിര്‍ത്തിയിലേക്ക്
കണ്ണൂര്‍: ഇന്ത്യയിലെ മികച്ച പ്രാദേശിക സേനയായ കണ്ണൂരിലെ 122 ഇന്‍ഫന്ററി ബറ്റാലിയനിലെ സൈനികര്‍ വീണ്ടും അതിര്‍ത്തിയില്‍ വിശിഷ്ട സേവനത്തിനൊരുങ്ങുന്നു. ജമ്മു കശ്മീരിലെ അതീവ പ്രശ്‌നബാധിത മേഖലകളിലേക്കാണ് സൈനികര്‍ പോകുന്നത്. ആയുധങ്ങള്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളുമായി കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 300 സൈ നികര്‍ ഇന്ന് വൈകിട്ട് ആറിന് യാത്ര തിരിക്കും. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തും. 800 അംഗങ്ങളാണ് കണ്ണൂരിലെ പ്രാദേശികസേനയില്‍ ആകെയുള്ളത്. കേരളത്തിനുപുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം.
കണ്ണൂര്‍ ടെറിയേഴ്‌സ് എന്ന പേരിലാണ് 122 ഇന്‍ഫന്ററി ബറ്റാലിയനില്‍ നിന്നുള്ള സൈനികര്‍ അറിയപ്പെടുന്നത്. കണ്ണൂര്‍ ടെറിയേഴ്‌സിലെ സൈനികര്‍ ശ്രീലങ്കയില്‍ നടന്ന ഓപറേഷന്‍ പവന്‍', ഹരിയാനയില്‍ നടന്ന 'ഓപറേഷന്‍ പരാക്രം', ജമ്മുവിലെ 'ഓപറേഷന്‍ രക്ഷക്' എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ശ്രീനഗറിലെ ഝലം നദിക്ക് കുറുകെ കണ്ണൂര്‍ ബ്രിഡ്ജ് എന്ന പേരില്‍ കണ്ണൂര്‍ ടെറിയേഴ്‌സ് പാലവും നിര്‍മിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ കേണല്‍ രാജേഷ് കനോജിയയാണ് 122ാം പ്രാദേശിക സേനയുടെ കമാന്‍ഡിങ് ഓഫിസര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ടെറിട്ടോറിയല്‍ ആര്‍മിയെന്ന അംഗീകാരം തുടര്‍ച്ചയായി മൂന്നുതവണയാണ് കണ്ണൂരിന് ലഭിച്ചത്.
ദക്ഷിണ മേഖലയുടെ മികച്ച ബറ്റാലിയന്‍ എന്ന ബഹുമതിയും നേടി. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ പ്രശസ്തിപത്രവും ലഭിച്ചു. ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച നടന്‍ മോഹന്‍ലാല്‍ പരിശീലനം നേടിയതും കണ്ണൂര്‍ ബറ്റാലിയനില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."