വള്ളിയൂര്‍ക്കാവ് മഹോത്സവം; 'ഉത്സവ ദിനങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റ് അടക്കണം'
മാനന്തവാടി: ജില്ലയിലെ ആദിവാസികളുടെ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലറ്റ് അഞ്ചു ദിവസം അടച്ചിടണമെന്ന് ഔട്ട്ലറ്റിനെതിരേ സമരം നടത്തി വരുന്ന ആദിവാസി ഫോറം ഭാരവാഹികള്‍ സബ്കലക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളിലെല്ലാം ഉത്സവത്തോടനുബന്ധിച്ച് ആദിവാസി യുവാക്കള്‍ ദുരൂഹസാഹചര്യത്തിലും അമിതമദ്യപാനം കാരണവും മരണപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉത്സവ ദിവസം ജില്ലാകലക്ടര്‍ ബീവറേജസിന് അവധി നല്‍കിയിരുന്നു.
ഈ വര്‍ഷം ഇത് അഞ്ച് ദിവസമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്ന വെള്ള സോമന്, മാക്ക പയ്യമ്പള്ളി, സമരസഹായസമിതി ഭാരവാഹി രാജഗോപാലന്‍ എന്നിവര്‍ സബ്കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.
ഇതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ആദിവാസി യുവാക്കളാണ് താലൂക്കില്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."