ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടയാളെ കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററായി നിയമിച്ചെന്ന് ആക്ഷേപം
കല്‍പ്പറ്റ: ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടയാളെ കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററായി നിയമിച്ചെന്ന് ആക്ഷേപം. സംസ്ഥാന മിഷന് 2016 സെപ്തംബര്‍ 19ന് നടത്തിയ എഴുത്ത് പരീക്ഷയിലും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനിലും തുടര്‍ന്ന് 20ന് നടന്ന കൂടിക്കാഴ്ചയിലും വയനാട് മിഷന് കോര്‍ഡിനേറ്ററായി അപേക്ഷിച്ചവരില്‍ ഒരാള്‍ക്ക് പോലും യോഗ്യതയില്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയത്.
ഇതേ കൂടിക്കാഴ്ചയില്‍ എട്ട് ജില്ലകളില്‍ ഇതുപോലെ മിഷന് കോര്ഡിനേറ്ററാവാന് യോഗ്യതയില്ലെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് എട്ട് ജില്ലകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ സ്വീകരിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ ആദ്യ ഇന്റര്‍വ്യൂവില്‍ അയോഗ്യയായി കണ്ടെത്തിയയാള്‍ വീണ്ടും അപേക്ഷ നല്‍കുകയും ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തില്‍ ഇടംപിടിച്ചുവെന്നുമാണ് ആക്ഷേപമുയരുന്നത്. ഇത് ജില്ലയില്‍ പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. ആദ്യം നടന്ന ഇന്റര്‍വ്യൂവില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ്, തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസടക്കം നാല് പേരാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്.
എന്നാല്‍ രണ്ടാമത്തെ ബോര്‍ഡില്‍ ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.കെ ജോസിനെ മാറ്റി കുടുംബശ്രീ ഡയറക്ടര്‍ ജയയെ നിയമിക്കുകയായിരുന്നു. ഈ ബോര്‍ഡാണ് നേരത്തെ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആളെ വീണ്ടും കമ്മിഷന് കോര്‍ഡിനേറ്ററായി നിയമിച്ചത്. ആദ്യ ഇന്റര്‍വ്യൂവില്‍ ഡി.എം.സി തസ്തികയില്‍ അപേക്ഷിച്ചവരില്‍ ഒരാളെ എ.ഡി.എം.സിയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഇതുവരെ നിയമനം നല്‍കിയിട്ടില്ല.
അതേ സമയത്താണ് അതേ ബോര്‍ഡ് അയോഗ്യത കല്പ്പിച്ചയാളെ രണ്ടാമത്തെ ബോര്‍ഡ് യോഗ്യയാണെന്ന് കണ്ടെത്തി നിയമിച്ചിരിക്കുന്നത്. ഇത് ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിലവില്‍ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."