മഞ്ചേരിയില്‍ ലഹരിമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
മഞ്ചേരി: മഞ്ചേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 490 നൈട്രസിപാം ടാബ്ലെറ്റുകളുമായി യുവാവ് മഞ്ചേരി എക്സൈസിന്റെ പിടിയിലായി. പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത നീലത്ത് വീട്ടില്‍ അമല്‍ കൃഷ്ണ(20)നെയാണ് മഞ്ചേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സി. ശ്യാംകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ലഹരി ഗുളികകളുമായി മഞ്ചേരി പാണ്ടിക്കാട് റോഡിലുള്ള പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിച്ച ഗുളികകളാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ കുറിച്ച് നല്കുന്ന ഗുളികകളാണിത്.
ഒരു ഗുളിക കഴിച്ചാല്‍ തന്നെ ഒരു ദിവസം മുഴുവന്‍ ഇതിന്റെ ലഹരി ലഭിക്കുമെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കുറിപ്പടികളില്ലാതെ കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കാത്തതുകൊണ്ട് പോണ്ടിച്ചേരിയില്‍ നിന്നാണ് വാങ്ങിയത്. കോയമ്പത്തൂരില്‍ ബി.ബി.എക്ക് പഠിക്കുന്ന പ്രതി അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴിയാണ് ഈ മേഖലയിലേക്ക് എത്തിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.എക്സൈസ് ഓഫിസര്‍മാരായ അബ്ദുല്‍ ബഷീര്‍, ഷിജുമോന്, പ്രിവന്റീവ് ഐ.ബി ഓഫിസര്‍ രാമന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സഫീറലി, രഞ്ജിത്ത്, ഉമ്മര്‍ കുട്ടി, സാജിദ്, അബ്ദുല്‍ റഫീഖ്, ഉണ്ണികൃഷ്ണന് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."