ഇന്ന് ലോക ജലദിനം; ജീവ ജലാശയങ്ങള്‍ കുപ്പത്തൊട്ടിയാണോ?
മേപ്പാടി: ജല സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. എന്നാല്‍ ജീവജലം തരുന്ന ജലാശയങ്ങളുടെ സംരക്ഷണം ഇന്നും പ്രഖ്യാപനങ്ങളിലും പ്രഭാഷണങ്ങളിലും മാത്രമൊതുങ്ങുകയാണ്. വരള്‍ച്ച രൂക്ഷമായിരിക്കെ ജില്ലയിലെ ജലാശയങ്ങള്‍ പലതും കുപ്പതൊട്ടിയായ അവസ്ഥയാണുള്ളത്. മാലിന്യം തള്ളാനുള്ള സുരക്ഷിത കേന്ദ്രമായാണ് ജലാശയങ്ങളെ കാണുന്നത്. പല പുഴകളും തോടുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുംജലാശയങ്ങളിലേക്കാണ്. ജല സ്രോതസുകള്‍ മലിനമാക്കുന്നതിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശക്തമായ നടപടിയെടുക്കാമെന്നിരിക്കെ പലപ്പോഴും നടപടി ഉണ്ടാവാറില്ല. അനേകം പേര് കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലാശയങ്ങളെയാണ് ഇത്തരത്തില്‍ മലിനമാക്കുന്നത്. കല്‍പ്പറ്റ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെ മാലിന്യം ഒഴുക്കിവിടുന്നത് കല്‍പ്പറ്റ നഗരത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുക്കിവിടുന്നത് നാട്ടുകാര്‍ തന്നെ പിടികൂടിയിരുന്നു. പ്രമുഖ സ്ഥാപനങ്ങള്‍ പോലും ഇത്തരത്തില്‍ മലിനജലം തോടുകളിലേക്ക് ഒഴുക്കിവിട്ടത് പിടികൂടുകയും നഗരസഭ നടപടി എടുക്കുകയും ചെയ്തിരുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ എത്തുന്ന വിനോദ സഞ്ചാരികളും ജലസ്രോതസുകള്‍ മലിനമാകുന്നതിന് കാരണമാകുന്നുണ്ട്. റോഡരികിലെ പുഴ, തോട് മറ്റ് ജലാശയങ്ങള്‍ എന്നിവയുടെ ഓരങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സഞ്ചാരികള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വെള്ളത്തില്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇതിനെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ജില്ലയിലെ വഴിയോരങ്ങളിലെ പുഴകളും തോടുകളും മാലിന്യ കേന്ദ്രങ്ങളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."