തീരദേശ മേഖലയില്‍ അശാന്തിയും ഭീതിയും
തിരൂര്‍: തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങളും കാരണം തീരദേശമേഖലയില്‍ അശാന്തിയും ഭീതിയും. പ്രാര്‍ഥനയില്‍ മുഴുകി സമാധാനപരമായും സംതൃപ്തിയോടെയും കഴിയേണ്ട പുണ്യറമദാനില്‍ പോലും തിരൂര്‍ തീരദേശത്ത് ചോര ചിന്തുന്ന സ്ഥിതിയാണ്. രാഷ്ട്രീയ സംഘര്‍ഷവും അക്രമങ്ങളും നാട്ടുകാരുടെയും പൊലിസിന്റെയും ഉറക്കം കെടുത്തുകായണ്. ശനിയാഴ്ച രാത്രിയില്‍ കൂട്ടായി അരയന്‍കടപ്പുറം സ്വദേശി മൂന്നുടിക്കല്‍ സിദ്ദീഖിന്റെ മകന്‍ റഹീസ് (19) ആക്രമിക്കപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ അനിഷ്ട സംഭവം. ഇതിന് മുന്‍പ് സി.പി.എം- ലീഗ് പ്രവര്‍ത്തകര്‍ക്കും പല ദിവസങ്ങളിലായി വെട്ടേറ്റിരുന്നു. ശനിയാഴ്ച ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റതിനെ തുടര്‍ന്ന് അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കപ്പെട്ടിരുന്നു.
സംഘര്‍ഷ സാധ്യതയുള്ള കൂട്ടായി, ഉണ്യാല്‍, പറവണ്ണ അടക്കമുള്ള മേഖലകളില്‍ പൊലിസ് സാന്നിധ്യമുള്ളപ്പോഴാണ് ശനിയാഴ്ച വീണ്ടും ആക്രമണമുണ്ടായത്. ഇതോടെ പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്. തീരദേശത്തെ കുടുംബങ്ങള്‍ക്കിടയിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് പലപ്പോഴും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പക്വമായി പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേത്യത്വത്തിന് പലപ്പോഴും കഴിയുന്നുമില്ല. പൊലിസ് നടപടികള്‍ക്ക് മേല്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദം ചെലുത്തി ദുര്‍ബലപ്പെടുത്തുന്നതായി നേരത്തെ തന്നെ ആക്ഷേപവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പൊലിസ് ഉദ്യോഗസ്ഥരും സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രയാസപ്പെടുകയാണ്.
സ്ഥലവില്‍പ്പനയെയും മക്കളുടെ വിവാഹം അടക്കമുള്ള സുപ്രധാന കാര്യങ്ങളെയും പതിവായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുമുണ്ട്. പലപ്പോഴായി ആക്രമണത്തിന് ഇരയായ ഇരുപാര്‍ട്ടിയിലും പെട്ടവരാകട്ടെ അതീവ ദയനീയ അവസ്ഥയിലുമാണ്. എന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."