വെള്ളി ഉറുപ്പികയും വലിയ ജാറത്തിലെ കതീനവെടിയും
റമദാന്‍ പിറവി അറിയിച്ചുകൊണ്ടുളള കതിന വെടി പൊന്നാനിക്കാര്‍ക്കിന്ന് മധുരമുള്ള റമദാന്‍ ഓര്‍മ. 1751ല്‍ യമനിലെ 'ഹളര്‍മൗത്തി'ല്‍നിന്ന് വന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ ഹൈദ്രോസ് തങ്ങളുടെ താവഴിയില്‍പ്പെട്ട വലിയ ജാറത്തിങ്ങല്‍ ഖാന്‍സാഹിബ് ആറ്റക്കോയ തങ്ങള്‍ റമദാന്‍ മാസപ്പിറവി അറിയിക്കാന്‍ തുടക്കമിട്ടതായിരുന്നു ഈ രീതി. മാസപ്പിറ കണ്ട വ്യക്തി വലിയ ജാറത്തില്‍ വന്ന് അറിയിക്കണം. അയാള്‍ 'വുളു'(അംഗസ്‌നാനം) ചെയ്ത് വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങള്‍ മുന്‍പാകെ
സത്യം ബോധിപ്പിക്കുകയും വേണം. ഇങ്ങനെ വന്ന് സത്യംചെയ്യുന്നയാള്‍ക്ക് തങ്ങള്‍ ഒരു വെള്ളി ഉറുപ്പികയും ഒരു കോടിമുണ്ടും ഇനാം നല്‍കും. അതോടെ മാസപ്പിറവി കണ്ടതായി തങ്ങള്‍ വിളംബരംചെയ്യും. പ്രദേശം കിടിലംകൊള്ളുമാറ് ഏഴ് കതിനവെടികള്‍ മുഴങ്ങും. അങ്ങനെയാണ് മാലോകര്‍ നോമ്പും പെരുന്നാളും അറിയുക.
കഴിഞ്ഞ കുറച്ചു കൊല്ലങ്ങള്‍ മുന്‍പുവരെ റമദാനിന്റെ തുടക്കവും, ഒടുക്കവും അറിഞ്ഞിരുന്നത് വലിയ ജാറത്തില്‍നിന്ന് മുഴങ്ങിയ കതീന വെടിയുടെ ശബ്ദം കേട്ടായിരുന്നു. മാസം ഉറപ്പിക്കുന്ന കതിനവെടിയോടെ എല്ലാം അവസാനിക്കുന്നില്ല.
നോമ്പുതുറ സമയം, അത്താഴസമയം, അത്താഴവിരാമം എല്ലാം അറിയിക്കുക വലിയ ജാറത്തിലെ ഭീമന്‍മണിയുടെ കിടിലന്‍ ഒച്ചയാണ്. പത്ത് റാത്തല്‍ (4,536 ഗ്രാം) തൂക്കം വരുന്ന പഞ്ചലോഹ നിര്‍മിതമായ ഒരു ഭീമന്‍ മണി പള്ളിയുടെ ഇറയത്ത് കെട്ടിത്തൂക്കിയിരിക്കും.
മഗ്‌രിബിന് മുക്രി ഒരു വമ്പന്‍ മരച്ചുറ്റിക കൊണ്ട് ശക്തിയോടെ ആറുപ്രാവശ്യം അതില്‍ ആഞ്ഞടിക്കും. കതീന പൊട്ടിക്കാന്‍ ആളെ കിട്ടാനില്ലാതായതോടെ ഈ പാരമ്പര്യ രീതി ഇന്ന് പൊന്നാനിക്ക് അന്യമായി. വലിയ ജാറത്തില്‍വച്ച് കതീന പൊട്ടിയിരുന്നത് പിന്നീട് ജുമാഅത്ത് പള്ളി കമ്മിറ്റി ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."