ജലസംരക്ഷണത്തിന് പദ്ധതികളേറെ: കുടിവെള്ളക്ഷാമത്തിന് പരിഹാരമില്ല
മലപ്പുറം: വീണ്ടുമൊരു ലോക ജലദിനംകൂടി കടന്നുവരുമ്പോള്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലാണ്. വേനലിനെ നേരിടാന്‍ ജില്ലാഭരണകൂടം യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും സര്‍ക്കാര്‍ മുറപോലെ അതും പ്രഹസനമായി മാറി. ജനസംഖ്യയും വെള്ളത്തിന്റെ ആവശ്യകതയും വര്‍ധിച്ചിട്ടും ജലസംരക്ഷണത്തിനും വരള്‍ച്ച തടയാനും അതിനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധി.
വരള്‍ച്ച ശക്തമായതോടെ കുടിവെളളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ജില്ലയിലെ ഗ്രാമീണ മേഖലയിലും നഗരങ്ങളിലും നല്ലൊരു ശതമാനവും വെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നവരാണ്. ഗ്രാമങ്ങളില്‍ 45 ശതമാനവും സ്വന്തം കിണറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, വേനല്‍ക്കാലത്ത് ഈ കിണറുകളില്‍ ഭൂരിപക്ഷവും വറ്റുന്നു. വാട്ടര്‍ അതോറിറ്റിക്കും ജലവിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുന്നു.
ഇതിനിടയില്‍ ഒറ്റപ്പെട്ട മഴപെയ്‌തെങ്കിലും ജില്ലയുടെ ദാഹം തീര്‍ക്കാന്‍ ഇതൊന്നും മതിയാവില്ല. കൃഷിയിടങ്ങളും വ്യാപകമായി ഉണങ്ങി നശിച്ചു. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ എന്നിവിടങ്ങളില്‍ നീരൊഴുക്ക് തീരെയില്ല. കിണറുകളിലെ ജലവിതാന തോത് ഒരു മീറ്ററിലധികം കുറഞ്ഞതായാണ് ഭൂഗര്‍ഭ ജലവിതാന വകുപ്പിന്റെ കണക്ക്. മിക്ക തടയണകളിലെയും വെള്ളം ചുരുങ്ങിയ ദിവസത്തേക്ക് കൂടിയേ തികയൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴയില്‍ 32 ശതമാനത്തിന്റെ കുറവാണുള്ളത്. വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുള്ള പദ്ധതി ത്രിതല പഞ്ചായത്തുകള്‍ ആവിഷ്‌കരിക്കാതിരുന്നത് തിരിച്ചടിയായി.
ഭാരതപ്പുഴയുടെ മിക്ക തടയണകളിലും പേരിനു മാത്രമാണ് വെള്ളമുള്ളത്. എന്നാല്‍ ചാലിയാര്‍, കടലുണ്ടിപ്പുഴകളിലെ തടയണകളില്‍ കുറച്ചെങ്കിലും ജലവിതാനമുണ്ടെന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നത്. വെളളം ലഭിക്കാതെ കൃഷിയിടങ്ങള്‍ വ്യാപകമായി നശിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. ജില്ലയില്‍ ജനുവരി മുതല്‍ ആയിരത്തോളം ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ഇതില്‍ നല്ലൊരു പങ്കും നെല്‍കൃഷിയാണ്. 1,700 കര്‍ഷകരാണ് കനത്ത നഷ്ടമേറ്റ് വാങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തെങ്ങ്, വാഴ, കവുങ്ങ്, റബര്‍, കുരുമുളക് കൃഷികളും ജില്ലയില്‍ വലിയ തോതില്‍ നശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."