പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് അത്താണിയായി ഗീത
പാലക്കാട്: പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായുള്ള ഗീത അയ്യരുടെ ജീവിതം. അഗ്രഹാരത്തിന്റെ ഉള്ളറകളില്‍ ഒതുങ്ങാതെ ആദിവാസി-ദലിത് ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ വളര്‍ച്ചക്കായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഗീത. തുടര്‍പഠനം അന്യമായ കേരളത്തിലെ ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം കൊടുക്കുകയും നൂതന സാങ്കേതിക വിദ്യയില്‍ അഭിരുചി വളര്‍ത്തിയെടുക്കുകയുമാണ് ഗീത.
അഞ്ഞൂറോളം വരുന്ന ആദിവാസി മേഖലയിലെ ചെറുപ്പക്കാരുടെ ജീവിതത്തിലേക്കാണ് ഇന്ന് ഗീതയിലൂടെ വെളിച്ചം വീശിയിരിക്കുന്നത്. നാലു വര്‍ഷത്തിലധികമായി കേരളത്തിലെ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ക്ക് കാട് ഇന്ന് അന്യമല്ല. കാടിന്റെ മക്കള്‍ക്കായി സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന ഇവര്‍ ഇതാണ് തന്റെ നിയോഗമെന്ന് വിശ്വസിക്കുകയും ഇതില്‍ ആനന്ദം കണ്ടെത്തുകയുമാണ്.
ഇടുക്കി, അട്ടപ്പാടി, നിലമ്പൂര്‍, ചാലക്കുടി, വാഴച്ചാല്‍ പ്രദേശങ്ങളിലെ നിത്യസന്ദര്‍ശകയാണ് ഗീത. ആര്‍ട്ട് ഓഫ് ലിവിങിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ അനുഭവങ്ങളാണ് സാമൂഹിക സേവന രംഗേേത്തക്ക് വരാന്‍ ഗീതക്ക് പ്രചോദനം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്‌കീമിന്റെ ഭാഗമായ എന്‍.ടി.ടി.എഫിന്റെ കേരള കോര്‍ഡിനേറ്ററാണ് ഗീത.
ഇരുളര്‍, മലയര്‍, കാട്ടുനായ്ക്കര്‍, മലയരയന്‍, ഉള്ളാടന്‍, പണിയന്‍, എന്നീ ആദിവാസി വിഭാഗത്തിലുള്ള നൂറ്റിയമ്പതോളം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയും ബംഗളൂരു പോലുള്ള വന്‍നഗരങ്ങളിലെ കമ്പനികളില്‍ തൊഴില്‍ നേടികൊടുക്കുകയുമാണ് ഇവര്‍ ഇന്ന്. നാടിന്റെ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്ഥ ജീവിതം നയിക്കുന്ന ആദിവാസി മേഖലയിലെ ജനങ്ങളോടൊപ്പം സഹവസിച്ചാണ് ഗീതയുടെ പ്രവര്‍ത്തനങ്ങള്‍.
പാലക്കാട് മണപ്പുള്ളിക്കാവിനടുത്ത് മഹേശ്വരി നിവാസില്‍ മണിയുടെയും പാര്‍വതിയുടെയും രണ്ടുമക്കളില്‍ ഇളയമകളാണ് നാല്‍പത്തിരണ്ടുകാരിയായ ഗീത അയ്യര്‍.
ഇവര്‍ അവിവാഹിതയാണ്. മഹേന്ദ്ര ആന്റ് മഹേന്ദ്ര കമ്പനി ജീവനക്കാരനായിരുന്നു ഗീതയുടെ അച്ഛന്‍, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ് സഹോദരന്‍ കൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."