ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിരോധനം: ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കും
ദോഹ: അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കര്‍ശന പരിശോധന ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കും.ഖത്തര്‍ ഉള്‍പ്പെടെ 10 വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കു പോകുന്നവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രത്യേക പരിശോധന നടത്താനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ഖത്തറിന് പുറമേ ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൊണ്ടു പോവുന്ന ടാബ്്‌ലറ്റുകള്‍, പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയറുകള്‍, ലാപ്‌ടോപ്പുകള്‍, കാമറകള്‍ തുടങ്ങിയവ പ്രത്യേക പരിശോധന നടത്താനാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റിന്(ഡിഎച്ച്എസ്) നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അമ്മാന്‍, കെയ്‌റോ, കുവൈത്ത് സിറ്റി, ദോഹ, ദുബയ്, ഇസ്താംബൂള്‍, അബൂദബി, കാസാബ്ലാങ്ക, മൊറോക്കോ, റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകളെയാണ് നിയന്ത്രണം ബാധിക്കുക. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവുമായി ഇതിനു ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിടുന്നില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഏത് എയര്‍പോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചതെന്നും ഡി.എച്ച്.എസ് വക്താവ് പറഞ്ഞു.
ഇറാന്‍, ലിബിയ, സിറിയ, സോമാലിയ, സുദാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്കു പോകുന്നതിനുള്ള വിലക്ക് മാര്‍ച്ച് ആറിന് 90 ദിവസത്തേക്കു കൂടി ട്രംപ് പുതുക്കിയിരുന്നു. എന്നാല്‍, രണ്ട് ഫെഡറല്‍ ജഡ്്ജിമാര്‍ നിരോധനം ഭാഗികമായി നീക്കി. ഇത് മുസ്്‌ലിംകള്‍ക്കെതിരായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ആവശ്യമെങ്കില്‍ ഇതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിയന്ത്രണം ബാധകമായ 10 എയര്‍പോര്‍ട്ടുകളും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഒമ്പതു വിമാനക്കമ്പനികളാണ് ഈ എയര്‍പോര്‍ട്ടുകളില്‍ നിന്ന് അമേരിക്കയിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്നത്. ദിവസേന 50ഓളം സര്‍വീസുകളാണ് ഈ നഗരങ്ങളില്‍ നിന്നുള്ളത്.
വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് പുതിയ നിയന്ത്രണം. ആവശ്യം വന്നാല്‍, മറ്റു എയര്‍പോര്‍ട്ടുകള്‍ക്കും നിയന്ത്രണം ബാധകമാക്കും. ഭീകര സംഘടനകള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."