അയ്യംകുളം സി.പി.എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു
വടക്കാഞ്ചേരി: അധികൃതരുടെ കടുത്ത അവഗണനയില്‍ മാലിന്യ കൂമ്പാരമായി കിടന്നിരുന്ന മിണാലൂര്‍ അയ്യംകുളം സി.പി.എം അത്താണി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കുളത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ചും അധികൃത അവഗണനയെ കുറിച്ചും കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണു അങ്കണവാടിക്കു സമീപമുള്ള ഈ പുരാതനകുളം ശുചീകരിച്ചത്.
നാട്ടുകാര്‍ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കുളം കാലങ്ങളായി ചണ്ടിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. 30 ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ കുളത്തിലെ പായലും ചണ്ടിയും നീക്കം ചെയ്തു. കുളത്തിനു ചുറ്റുമുള്ള പൊന്തക്കാടുകള്‍ വെട്ടി മാറ്റി കുളം വൃത്തിയാക്കി. വടക്കാഞ്ചേരി ഏരിയാ കമ്മിറ്റ അംഗം പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. അത്താണി ലോക്കല്‍ സെക്രട്ടറി കെ. ശ്രീകുമാര്‍, പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗങ്ങളായ സി.എല്‍ തോമസ്, വി.ബി പീതാംബരന്, കെ. രാജേന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."