പാതിവഴിയില്‍ മുടങ്ങി ആലപ്പുഴ മെഗാടൂറിസം പദ്ധതി
തമീം സലാം കാക്കാഴം
ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന ടൂറിസം പദ്ധതികളിലൊന്നായ ആലപ്പുഴ മെഗാടൂറിസം പദ്ധതി പാതിവഴിയില്‍. 52.25 കോടി രൂപയുടെ ചെലവു കണക്കാക്കുന്ന വിവിധ പദ്ധതികളാണു മെഗാടൂറിസം പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടൂറിസം സാധ്യതകള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ആലപ്പുഴ മെഗാ കായല്‍ ടൂറിസം പദ്ധതി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞില്ല.
ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. 52.25 കോടി രൂപയുടെ പദ്ധതിയില്‍ 47.62 കോടി കേന്ദ്രസഹായമാണ്. 4.62 കോടി രൂപ സംസ്ഥാന വിഹിതവും. പദ്ധതിയില്‍പ്പെടുത്തി അരൂക്കുറ്റി, തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നടക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനുകളുടെ നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല.
ഇടക്കാലത്ത് കായലുകളില്‍ ആഴംകൂട്ടാനുള്ള ഡ്രഡ്ജിങുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. കായംകുളം കായലിലെ കരിമണല്‍ നീക്കംചെയ്യാന്‍ സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചതാണു ജനങ്ങളുടെ എതിര്‍പ്പിന് കാരണമായത്.
കോടിക്കണക്കിന് രൂപയുടെ കരിമണലാണ് ഇവിടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനി ഖനനം ചെയ്‌തെടുത്തത്. അതേസമയം വീണ്ടും കായംകുളം കായലില്‍ പദ്ധതിയുടെ ഭാഗമായി ഡ്രഡ്ജിങ് പുനരാരംഭിച്ചിട്ടുണ്ട്. പൈതൃകമന്ദിരങ്ങളുടേയും ജലപാതകളുടേയും സംരക്ഷണവും വികസനവും, മത്സ്യബന്ധന ടെര്‍മിനലുകളുടെ വികസനവും മെഗാടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പലതും പാതിവഴിയില്‍ മുടങ്ങിയത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വിലങ്ങുതടിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."