ബാലനടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാവിന്റെ മകന് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ബാലനടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ മകന് അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ വനിതാ സി.ഐ തിരിച്ചയച്ചതും വിവാദത്തിലായി. സി.പി.എം നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കുളപ്പാടം നെടുമ്പന പുളിവിളയില്‍ അബ്ദുല്‍സലാമിന്റെ മകന് ഫൈസലാ(27)ണ് പിടിയിലായത്. ഹൃസ്വ സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് ആറോളം പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിച്ചെന്ന പരാതിയുമായി മാര്‍ച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലം ഈസ്റ്റ് പൊലിസിനെ സമീപിച്ചത്. എന്നാല്‍, പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലെ വനിതാ സി.ഐ തയാറായില്ല. പ്രശ്നം പറഞ്ഞു തീര്‍ക്കാമെന്ന നിര്‍ദേശം നല്കി സി.ഐ ഇവരെ തിരിച്ചയച്ചു. തുടര്‍നടപടി ഇല്ലാതായതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ വീണ്ടും പൊലിസിനെ സമീപിച്ചത്. സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്നു വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പരാതിയുമായി എത്തിയിട്ടും പൊലിസ് കേസെടുക്കാതിരുന്നതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന ആരോപണവും ശക്തമാണ്. നഗരത്തിലെ രണ്ടു വ്യാപാരികളുടെ മക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."