പെരിന്തല്‍മണ്ണയില്‍ ട്രാഫിക് പരിഷ്‌കരണം തുടങ്ങി; പൊതുജനം പെരുവഴിയിലായി
പെരിന്തല്‍മണ്ണ: ഇന്നലെ മുതല്‍ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയ അഞ്ചാം ഘട്ട ട്രാഫിക് പരിഷ്‌കാരം പൊതുജനത്തെ തീര്‍ത്തും പെരുവഴിയിലാക്കി. ബസ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന നഗരസഭാ കാര്യാലയത്തിന് മുന്‍ വശത്തെയും സംഗീത തിയറ്ററിന് സമീത്തെയും ബസ് സ്റ്റോപ്പുകളാണ് നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായുള്ള ഗതാഗത നിയന്ത്രണ സമിതി പൊളിച്ചു മാറ്റിയത്. അവശ്യമായ മുന്നറിയിപ്പുകളില്ലാതെയുള്ള സ്റ്റോപ്പുകളുടെ മാറ്റം ബസ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.
സ്റ്റോപ്പുകള്‍ മാറ്റിയതറിയാതെ എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ പൊരിവെയിലത്തും പ്രധാന ട്രാഫിക് ജങ്ഷന്‍ മുറിച്ചുകടന്ന് ജയിലിന് സമീപത്തെ സ്റ്റാന്‍ഡിലേക്കുംനടക്കേണ്ടി വന്നു. സംഗീത തിയറ്ററിന് സമീപത്തുനിന്നും അര കിലോമീറ്ററോളം ദൂരെ പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസ് പരിസരത്തെ സ്റ്റോപ്പിലേക്കും പോകേണ്ടി വന്നു.
ട്രാഫിക് പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ പരിഷ്‌കാരത്തിനെതിരെയും നഗരസഭക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുമാരുമായി നിരന്തരം വഴക്കിടുന്ന ദൃശ്യങ്ങളും ഇന്നലെ നഗരത്തില്‍ കണ്ടു. അതേസമയം കോഴിക്കോട് റോഡില്‍ പാരലല്‍ സര്‍വിസ് നടത്തിയ വാഹനങ്ങളുമായും ചെറിയ തോതില്‍ വാക്കേറ്റങ്ങളുണ്ടായി. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതോടെ ദുരിതവും വര്‍ധിക്കും. പുതിയ പരിഷ്‌കാര പ്രകാരം കോഴിക്കോട് റോഡിലൂടെ എത്തുന്ന കാല്‍നട യാത്രക്കാര്‍ പ്രധാന ജങ്ഷനിലും ബസ് യാത്രക്കാര്‍ ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തും റോഡ് മുറിച്ചുകടക്കേണ്ടി വരും.
പട്ടാമ്പി റോഡില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കോടതിപടിയില്‍ ബസിറങ്ങി തുടര്‍ യാത്രക്കായി മണ്ണാര്‍ക്കാട് റോഡിലെത്താനും പ്രധാന ട്രാഫിക്ക് ജംങ്ഷന്‍ മുറിച്ച് കടക്കേണ്ടി വരും. വളരെയധികം വാഹന തിരക്കേറിയ നഗരത്തില്‍ സീബ്രാ ലൈനുകള്‍ പലയിടത്തും ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും.
പുനര്‍ വിചിന്തനത്തിന് പോലും അവസരം നല്‍കാത്ത തരത്തില്‍ സ്‌റ്റോപ്പുകള്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാരികളുടെ പ്രതിഷേധവും ഉയരും. കോഴിക്കോട് റോഡിലെ മുഴുവന്‍ സ്റ്റോപ്പുകളും എടുത്ത് മാറ്റുന്നതോടപ്പം മണ്ണാര്‍ക്കാട് റോഡിലേക്ക് മാറ്റി സ്ഥാപിക്കുക കൂടി ചെയ്യുന്നതോടെ വിവരണാധീതമായ തിരക്കാവും പ്രധാന ജങ്ഷനോട് ചേര്‍ന്ന് മണ്ണാര്‍ക്കാട് റോഡില്‍ അനുഭപ്പെടുക. സ്‌കൂളുകള്‍ തുറക്കുകയും മഴക്കാലമെത്തുകയും ചെയ്യുമ്പോള്‍ ജയിലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഉള്‍കൊള്ളാനാവാത്ത സ്ഥിതി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."