എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന പരാതി: എസ്.ഐയെ സ്ഥലംമാറ്റി
കൊല്ലം: കൊല്ലം എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐയെ സ്ഥലംമാറ്റി. പരാതി സ്വീകരിച്ച് എസ്.ഐ ഗീരിഷ് രസീത് നല്‍കിയത് വിവാദമായതോടെ സിറ്റി പൊലിസ് കമ്മിഷനര്‍ സതീഷ് ബിനോ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി റക്സ്ബോബി അര്വിനോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. എ.സി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ എസ്.ഐക്കു പകരം നിയമനം നല്‍കിയിട്ടില്ല. സംഭവത്തെതുടര്‍ന്നു എസ്.ഐ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടായിരുന്നു നടപടി വൈകിയത്.
പരാതി സ്വീകരിച്ച ശേഷം രസീത് നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ എസ്.ഐ സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വം സിറ്റി പൊലിസ് കമ്മിഷനര്‍ സതീഷ് ബിനോയ്ക്ക് വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണുസുനില്‍ പന്തളത്തിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് എസ്.ഐയ്ക്ക് വ്യാഴാഴ്ച പരാതി നല്‍കിയത്. മുകേഷിനെ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള മണ്ഡലത്തിലെ പരിപാടികളിലൊന്നും കാണാനില്ലെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."