ലിനിയുടെ വേര്‍പാട് ബഹ്‌റൈനിലേക്ക് പോവാനിരിക്കേ
മനാമ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ വൈറസ് മൂലബാധം മരിച്ച സ്റ്റാഫ് നഴ്‌സ് ലിനിയുടെ വേര്‍പാട് ബഹ്‌റൈനിലെ പ്രവാസികള്‍ക്കും നൊമ്പരമായി. ലിനിയുടെ ഭര്‍ത്താവ് വടകര സ്വദേശിയായ സജീഷ് ബഹ്‌റൈന്‍ പ്രവാസിയാണ്. ഇവിടെ അവാന്‍ മീഡിയയില്‍ അക്കൗണ്ടന്റായാണ് സജീഷ് ജോലി നോക്കുന്നത്. ലിനിക്ക് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച സജീഷ് നാട്ടിലേക്ക് പോയിരുന്നു.
അതിനിടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന പ്രിയ തമയെ അവസാനമായി ഒരു നോക്കു കാണാനെ സജീഷിന് സാധിച്ചുള്ളു.. വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ സ്പര്‍ശനം പോലും അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്ന് സജീഷിന്റെ സുഹൃത്തുക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു.
സജീഷ് ജീവനുതുല്ല്യമായിരുന്നു ലിനയെയും മക്കളെയും സ്‌നേഹിച്ചിരുന്നതെന്നും സഹ പ്രവര്‍ത്തകര്‍ ഓര്‍ത്തു. അവള്‍ക്ക് അസുഖമായി എന്നറിഞ്ഞയുടന്‍ അവന്‍ ലീവെടുത്തു നാട്ടിലേക്കു പോയതും അതുകൊണ്ടാണ്. പക്ഷേ അവസാനമായി അവളെ ഒന്നു സ്പര്‍ശിക്കാന്‍ പോലും അവനു കഴിഞ്ഞില്ല. സജീഷ് നാട്ടിലെത്തിയതു മുതല്‍ ലിനി വെന്റിലേറ്ററിലായിരുന്നു.
നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള ഭീതി നിലനില്‍ക്കുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് ആര്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. ഇതിനിടെ ഒറ്റതവണ മാത്രമാണ് സജീഷിന് അവളെ കാണാന്‍ കഴിഞ്ഞത്. ആ സങ്കടവും സജീഷിന്റെ സുഹൃത്തുക്കള്‍ സുപ്രഭാതത്തോട് പങ്കുവെച്ചു.
ഏറെ പ്രാരാബ്ധങ്ങള്‍ക്കിടയിലായിരുന്നു ലിനിയുടെ നഴ്‌സിംഗ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സജീഷ് പറയുമായിരുന്നു..പക്ഷേ അവള്‍ എല്ലാം നേരിട്ടാണ് മുന്നോട്ടു നീങ്ങിയിരുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്പ് ലിനിയടക്കമുള്ള മൂന്നുപെണ്‍മക്കളെ അനാഥമാക്കി അഛന്‍ മരണപ്പെട്ടതോടെയാണ് ലിനി നഴ്‌സിംഗിലേക്ക് തിരിഞ്ഞത്. നല്ല ഒരു നഴ്‌സാവണമെന്ന ആഗ്രഹത്താല്‍ ബാങ്ക് ലോണ്‍ എടുത്താണ് അവള്‍ ബി.എസ്.സി നെഴ്‌സിങ് പൂര്‍ത്തിയാക്കിയത്.
വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കിയിരുന്നുവെങ്കിലും ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. കടബാധ്യതകളും കൂടി. എങ്കിലും അതേ കുറിച്ച് ലിനിക്ക് പരിഭവങ്ങളുണ്ടായിരുന്നില്ല. എല്ലാം അവള്‍ അധ്വാനിച്ചു തന്നെ വീട്ടും എന്ന ദൃഢനിശ്ചയത്തിലായിരുന്നു. അങ്ങിനെയിരിക്കെ മാസങ്ങള്‍ക്കു മുന്പാണ് പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ ലിനി ദിവസവേതനത്തിന് ജോലിയില്‍ പ്രവേശിച്ചതെന്നും ലിനി യെ അടുത്തറിയുന്നവര്‍ വിശദീകരിച്ചു.
നാട്ടിലെ നഴ്‌സിംഗ് ജോലി ഒരു എക്‌സ്പീരിയന്‍സിന് പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനിലെത്തി ഭര്‍ത്താവിന്റെ കൂടെ ജീവിക്കുകയും ജോലി തുടരുകയും ചെയ്യാമെന്നായിരുന്നു കണക്കു കൂട്ടല്‍. പക്ഷെ അപ്പോഴേക്കും വൈറസ് രൂപത്തിലെത്തിയ ദുരന്തം അവളെ തട്ടിയെടുക്കുകയായിരുന്നു.
വടകര പൂത്തൂര്‍ സ്വദേശിയും ബഹ്‌റൈന് !പ്രവാസിയുമായ സജീഷ് 2012 മെയ് 26നാണ് ലിനിയെ വിവാഹം കഴിച്ചത്. 6 വര്‍ഷം നീണ്ട ദാന്പത്യ ജീവിതത്തില്‍ വിധുല്‍(5) , സിദ്ധാര്‍ഥ്(2) എന്നിവര്‍ പിറന്നു. ഈ മാസം 26ന് വിവാഹത്തിന്റെ ആറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ലിനി വെസ്റ്റ്ഹില്ലിലെ ഇലക്ട്രിക്ക് ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്. സുഹൃത്തുക്കള്‍ നിറ കണ്ണുകളോടെ ഓര്‍ത്തു.
സജീഷുമൊത്തുള്ള ലിനിയുടെ ഫൈസ് ബുക്ക് ഫോട്ടോകളില്‍ ആദരാജ്ഞലികള്‍ ചേര്‍ത്ത് ഷെയര്‍ ചെയ്തും അവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചും പ്രദേശവാസികളായ പ്രവാസികള്‍ സോഷ്യല്‍മീഡിയകളിലും തങ്ങളുടെ വേദന പങ്കുവെക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."