തുള്ളി കുടിക്കാനില്ല; സ്വകാര്യ കമ്പനികള്‍ക്കായി വെള്ളമൂറ്റാന്‍ വന്നത് ജനം തടഞ്ഞു
കാട്ടാക്കട: പരിസരവാസികള്‍ക്ക് ജലവിതരണം സുഗമമാക്കാതെ സ്വകാര്യ കമ്പനികള്‍ക്കായി വെള്ളമെടുക്കാന്‍ വന്ന ടാങ്കര്‍ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. കാളിപ്പാറ,നിരപ്പുകാല വാര്‍ഡുകളിലെ ജനങ്ങളാണ് ഇന്നലെ രാവിലെ ടാങ്കര്‍ ലോറികള്‍ തടഞ്ഞത്.
പ്രദേശത്തെ വീടുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ഒരാഴ്ചയായി .എണ്ണായിരം രൂപയോളം മുടക്കി പുതുതായി കണക്ഷന് എടുത്തവര്‍ക്കും കുടിവെള്ളം ലഭിക്കാതായി. ദൈനദിന കാര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായതോടെ നാട്ടുകാര്‍ ഇതു സംബന്ധിച്ചു അധികൃതര്‍ പരാതി നല്കി. ഇപ്പോള്‍ ശരിയാക്കാമെന്ന മറുപടി മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും യാതൊരു പരിഹാര നടപടിയും കൈക്കൊണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേ സമയം വിവിധയിടങ്ങളില്‍ പൈപ്പുകള്‍ പൊട്ടിയത് കാരണം അത് വഴിയുള്ള ജല വിതരണം അധികൃതര്‍ നിര്‍ത്തി വച്ചിരുന്നു.പൊട്ടിയ പൈപ്പുകള്‍ അടിയന്തിരമായി അറ്റകുറ്റ പണി നടത്തി ജല വിതരണം നടത്തണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും കൃത്യമായ നടപടിയുണ്ടായില്ല.
തുടര്‍ന്നാണ് സ്വകാര്യ കമ്പനികള്‍ക്കായി വെള്ളമെടുക്കാന്‍ വന്ന വാഹനങ്ങള്‍ തടഞ്ഞത്. കാളിപ്പാറ വാട്ടര്‍ അതോറിറ്റി ഓഫിസിനു സമീപത്തായി പ്രധാന റോഡില്‍ ആണ് ടാങ്കര്‍ ലോറികള്‍ തടഞ്ഞിട്ടത് .സ്വകാര്യ സ്ഥാപനങ്ങളില്‍ ജലം എത്തിക്കാന്‍ നഗരങ്ങളില്‍ നിന്നും വരുന്ന ടാങ്കര്‍ ലോറികളില്‍ യഥേഷ്ടം ജലം നിറച്ചു വിടുന്നതിനു വേണ്ടിയാണ് പ്രദേശത്തെ ജല വിതരണം നടത്താന്‍ അധികൃതര്‍ തയാറാകാത്തതെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു. തങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരക്കാര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."