കാവാലം നാരായണപ്പണിക്കര്‍ക്ക് വിട
ആലപ്പുഴ: കുട്ടനാട്ടിലെ കാവാലമെന്ന നാടിനെ നെഞ്ചേറ്റി നടന്ന കാവാലം നാരായണപ്പണിക്കര്‍ക്ക് വിട . കുട്ടനാട് വളര്‍ന്നപ്പോഴും ഗ്രാമീണത വിടാത്ത കുട്ടനാടായിരുന്നു കാവാലത്തിന്റെ മനസുനിറയെ. 'ഇവിടം ഞാന്‍ വില്‍ക്കുന്നില്ല. ഈ സ്ഥലങ്ങളെല്ലാം പമ്പയുടെ ഓളങ്ങളില്‍ താഴ്ത്തിക്കളഞ്ഞേക്കാം. എങ്കിലും വില്‍ക്കുന്നില്ലിവിടം. ഇവിടെയാണ് ഞാന്‍ ജനിച്ചു വീണത്. ഇവിടെയാണ് ഞാന്‍ ഓടിനടന്നത്. ഇവിടെ നിന്നാണ് വളര്‍ന്നത്. ഈ നാട് തന്നതല്ലാത്തതൊന്നും എന്നിലില്ല'. എന്നു കാവാലം പറഞ്ഞ ആ മണ്ണിലേക്ക് തന്നെ കാവാലം നാരായണപ്പണിക്കര്‍ മടങ്ങുകയാണ്. ഇന്ന് വൈകിട്ട് 4.30 ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ കാവാലത്തെ സ്വവസതിയായ ശ്രീഹരിയില്‍ നടന്നു.
തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ മൂന്നോടെ മൃതദേഹവുമായി വിലാപയാത്ര ആരംഭിച്ചിരുന്നു. രാവിലെ ഏഴിന് മൃതദേഹം കാവാലത്തെ തറവാടായ ചാലയില്‍ വീട്ടിലെത്തിച്ചു. കാവലത്തിന്റെ ശിഷ്യര്‍ അദ്ദേഹത്തിന്റെ കൃതികളുടെ പാരായണം നടത്തി.
ഉച്ചയ്ക്ക് 2.30 ഓടെ വിലാപയാത്രയായി മൃതദേഹം ശ്രീഹരിയിലേക്ക് കൊണ്ടുപോയി. സാംസ്‌കാരിക മന്ത്രി അടക്കമുള്ള കലാരാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് 4.30 ഓടെ മകന്‍ കാവാലം ശ്രീകുമാര്‍ ചിതയ്ക്കു തീ കൊളുത്തി.
പ്രാണന്‍ പോലെ സ്‌നേഹിച്ച ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് കാവാലത്തിന്റെ ആഗ്രഹമായിരുന്നു. പമ്പയാറിന്‍ തീരത്തെ വീടിനോട് ചേര്‍ന്ന്, ആറുവര്‍ഷം മുന്‍പ് മരിച്ച മൂത്തമകന്‍ ഹരികൃഷ്ണനൊപ്പം കാവാലവും
മണ്ണോടുചേര്‍ന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."