മഹാരാഷ്ട്രയില്‍ 19 പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തു
മുംബൈ: കഴിഞ്ഞ 18ന് മഹാരാഷ്ട്ര നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-എന്‍.സി.പി അംഗങ്ങളായ 19 പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. സഭയെ അവഹേളിച്ച അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യമന്ത്രി ഗിരിഷ് ബാപ്പത് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചാണ് സ്പീക്കറുടെ നടപടി. നാഗ്പൂരിലെയും മുംബൈയിലെയും നിയമസഭാ മന്ദിരങ്ങളിലും 2017 ഡിസംബര്‍ 31 വരെ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.
ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ ബജറ്റിന്റെ കോപ്പി വലിച്ചുകീറുകയും സഭക്കകത്ത് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് സ്പീക്കറുടെ നടപടി. സഭയില്‍ സ്പീക്കറുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് അംഗങ്ങളില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം എം.എല്‍.എമാര്‍ക്കെതിരായ നടപടി ശരിയല്ലെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കാത്തതിലുള്ള പ്രതിഷേധം മാത്രമാണ് അംഗങ്ങളില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേപാട്ടില്‍ വ്യക്തമാക്കി. കര്‍ഷകരുടെ സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ അജ്ഞത നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."