വിദ്യാര്‍ഥികള്‍ ആശങ്കയില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്നു
കൊച്ചി: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനനടപടികള്‍ ആരംഭിച്ചിട്ടും സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്നത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ വിജയിക്കുന്നവരില്‍ കുടുതലും ഹയര്‍സെക്കന്‍ഡറിക്ക് തെരഞ്ഞടുക്കുന്നത് സംസ്ഥാന സിലബസാണ്. എന്‍ജിനീയറിങ് പ്രവേശനത്തിന് ഹയര്‍സെന്‍ഡറി മാര്‍ക്കും പരിഗണിക്കുന്നതാണ് സംസ്ഥാന സിലബസിലേക്ക് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. സംസ്ഥാനത്ത് മെയ് മൂന്നിന് പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ച് പ്ലസ് വണ്‍ പ്രവേശനനടപടികള്‍ ആരംഭിച്ചിരുന്നു.
ഏപ്രില്‍ അഞ്ചിന് സി.ബി.എസ്.ഇ പരീക്ഷ അവസാനിച്ചെങ്കിലും മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിദേശ രാജ്യങ്ങളിലെ സെന്ററുകളില്‍ നിന്നെല്ലാം ഉത്തരക്കടലാസ് എത്തി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് ഫലം വൈകുന്നതിന് കാരണമായി സി.ബി.എസ്.ഇ അധികൃതര്‍ ചൂണ്ടികാട്ടുന്നത്.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സംസ്ഥാന സിലബസിലെ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ച് ഹയര്‍സെക്കന്‍ഡറി പ്രവേശനനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷവും സി.ബി. എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം വൈകിയതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി സീറ്റ് അനുവദിക്കുകയായിരുന്നു. ഇത്തവണ സി.ബി.എസ്.ഇ ഫലം വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികളുടെ തിയതി 30 ലേക്ക് നീട്ടിയിട്ടുണ്ട്. മെയ് 28 ന് ഫലം വരുമെന്ന പ്രതീക്ഷയിലാണെന്നും ഇതുപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ തിയതി നിട്ടിയതെന്ന് സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹീം ഖാന്‍ പറഞ്ഞു. സംസ്ഥാന സിലബസുകള്‍ക്കൊപ്പം തന്നെ സി.ബിഎസ്.ഇ ഫലവും പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ദീര്‍ഘനാളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി സി.ബി.എസ്.ഇ യുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സംസ്ഥാന സിലബസിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയുന്നതിന് സി.ബി.എസ്.ഇ അധികൃതര്‍ മനഃപൂര്‍വം ഫലം വൈകിപ്പിക്കുകയാണെന്നാണ് രക്ഷാകര്‍ത്താക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."