വംശീയ ആക്രമണത്തിന്റെ ഓര്‍മ പങ്കുവച്ച് ഫാ.ടോമിയുടെ കത്ത്
മെല്‍ബണ്‍: തനിക്കെതിരേ വംശീയ ആക്രമണം നടത്തിയയാളെ ദൈവം രക്ഷിക്കട്ടെയെന്ന് ആക്രമണത്തിനിരയായ മലയാളി വൈദികന്‍ ഫാ.ടോമി കളത്തൂര്‍. മെല്‍ബണില്‍ നിന്ന് സുഹൃത്തുക്കള്‍ക്കെഴുതിയ കത്തിലാണ് കോഴിക്കോട് ആനക്കാംപൊയില്‍ സ്വദേശിയായ ഫാ.ടോമി സംഭവത്തെ കുറിച്ച് ഓര്‍ക്കുന്നത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. താന്‍ ഇപ്പോഴും എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയാണ്. കുര്‍ബാനയ്ക്ക് വേണ്ടി സഭാവസ്ത്രങ്ങള്‍ അണിഞ്ഞതിനാലാണ് കഴുത്തിനേറ്റ പരുക്ക് ഗുരുതരമല്ലാതായതെന്നും കാര്യമായ പരുക്കില്ലെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ 19 നാണ് 48കാരനായ ഫാദറെ 74 കാരനായ പ്രതി കുത്തിയത്. ഇന്ത്യക്കാരനായ താങ്കള്‍ എങ്ങനെ ക്രിസ്ത്യനായി എന്നായിരുന്നു അക്രമി ചോദിച്ചത്.
വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ സെന്റ് മാത്യൂസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സംഭവിച്ചതെല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നു. അക്രമിയുടെ മനസ് ലോലമാണെന്നും ദൈവം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും ഫാദര്‍ കത്തില്‍ പറഞ്ഞു. നാട്ടിലുള്ള ബന്ധുക്കളുമായി ആശുപത്രിയില്‍ നിന്ന് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ പൊലിസും മാധ്യമപ്രവര്‍ത്തകരും ഇന്ത്യക്കാരായ സുഹൃത്തുക്കളും തമ്പടിച്ചിരിക്കുകയാണ്. ഫോണ്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആശുപത്രിയില്‍ തനിക്ക് സുഖമാണ്. സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോഴുള്ളതെന്ന് ഫാ.ടോമി പറഞ്ഞു.
താമരശേരി രൂപതയ്ക്കു കീഴിലുള്ള വൈദികനാണ് ഇദ്ദേഹം. പരേതനായ മാത്യുവിന്റെയും അന്നമ്മ കളത്തിലിന്റെയും മകനാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."