സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി
സിംഗപ്പൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയതിനു ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു തീപിടിച്ചു. ഇറ്റലിയിലെ മിലാനിലേക്ക് പറന്ന വിമാനം സിംഗപ്പൂരിലെ തന്നെ ചാങ്ഹി വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്നാണ് വിമാനത്തിനു തീപിടിച്ചത്. വിമാനത്തില്‍ 222 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്നെങ്കിലും എല്ലാവരെയും ഉടന്‍തന്നെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ക്ക് പരുക്കില്ല.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്.ക്യു 368 വിമാനത്തിനാണ് തീപിടിച്ചത്. ബോയിങ് 777-300 ഇ.ആര്‍ വിമാനമാണിത്. ഇന്നലെ പുലര്‍ച്ചെ സിംഗപ്പൂര്‍ സമയം 6.50നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം ടേക്ക്ഓഫ് ചെയ്ത് രണ്ടു മണിക്കൂറിനു ശേഷം തിരിച്ചുപറന്നാണ് ലാന്‍ഡിങ് നടത്തിയത്. രാവിലെ 8.45ന് മിലനില്‍ ഇറങ്ങേണ്ടതായിരുന്നു ഈ വിമാനം.
വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശത്തെ തുടര്‍ന്നു പൈലറ്റ് വിമാനം തിരിച്ചുപറത്തി അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. എന്‍ജിന്‍ ഓയില്‍ എമര്‍ജന്‍സിയാണ് ലാന്‍ഡിങിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓയില്‍ ലീക്കാണ് അപകടത്തിനു കാരണമെന്നും പറയപ്പെടുന്നു. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍തന്നെ വിമാനത്തിന്റെ വലത്തേ ചിറകിനും എന്‍ജിനും തീപിടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വിമാനം വിമാനത്താവളത്തില്‍ നിന്നുംകത്തി. രക്ഷാപ്രവര്‍ത്തകര്‍ എത്തി പത്തുമിനിട്ടു നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീയണച്ചത്. ലാന്‍ഡിങ് നടത്തി മിനിറ്റുകള്‍ക്കകമാണ് വിമാനത്തില്‍ തീപടര്‍ന്നതെന്ന് വിമാനത്താവള അധികൃതരും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതരും അറിയിച്ചു. ഇറങ്ങിയ ഉടന്‍തന്നെ യാത്രക്കാരെയും ജോലിക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്രയാക്കി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."