കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കുമാരസ്വാമി ചര്‍ച്ച നടത്തി; പദവികള്‍ സംബന്ധിച്ച് ധാരണയായി
ന്യൂഡല്‍ഹി: നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ചനടത്തി. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഇരുവരേയും ക്ഷണിക്കാനെത്തിയതായിരുന്നു കുമാരസ്വാമിയെങ്കിലും മന്ത്രിമാരുടെ എണ്ണം, വകുപ്പ് വിഭജനം എന്നിവ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളില്‍ വിഷയമായി. നേരത്തെ നിരുപാധികമാണ് ജെ.ഡി.എസ് നേതാവ് കൂടിയായ കുമാരസ്വാമിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചതെങ്കിലും യെദ്യൂരപ്പ രാജിവച്ചതിനുപിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പദവി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭാ അംഗങ്ങളുടെ എണ്ണവും വകുപ്പു വിഭജനവുമടക്കം തര്‍ക്കത്തിന് കാരണവുമായി. ഈ സാഹചര്യങ്ങളും ഇന്നലത്തെ ചര്‍ച്ചകളില്‍ വിഷയമായി.
ചര്‍ച്ചയില്‍ മുഖ്യമന്ത്രിപദം കോണ്‍ഗ്രസിന് ഊഴം വച്ച് കൈമാറുന്ന വിഷയം വന്നില്ല. ഇത്തരത്തില്‍ ധാരണയില്ലെന്നു നേരത്തേ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 37ഉം സീറ്റുകളാണ് ലഭിച്ചത്. മുഖ്യമന്ത്രിസ്ഥാനം ജെ.ഡി.എസിന് നല്‍കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി, ആഭ്യന്തരം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യം ജെ.ഡി.എസ് അംഗീകരിച്ചിട്ടുമുണ്ട്. ജെ.ഡി.എസിന് 13 മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനവും നല്‍കാനായിരുന്നു ആദ്യ ധാരണ. എന്നാല്‍ 15 മന്ത്രിപദവിയെങ്കിലും വേണമെന്നതാണ് ജെ.ഡി.എസിന്റെ ഇപ്പോഴത്തെ ആവശ്യം. രണ്ട് ഉപമുഖ്യമന്ത്രിമാരെ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഒരു ഉപമുഖ്യമന്ത്രി പദവി തങ്ങള്‍ക്കു വേണമെന്ന് ലിംഗായത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാരില്‍ 16ഉം ലിംഗായത്ത് സമുദായക്കാരാണ്.
കോണ്‍ഗ്രസിനു ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ മേഖലാ, സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്തു വേണം വിഭജിക്കാന്‍. ജെ.ഡി.എസുമായി പദവി പങ്കിടുന്നതുപോലെ തന്നെ അവ പാര്‍ട്ടിക്കുള്ളില്‍ പങ്കുവയ്ക്കുന്നതും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, ജി. പരമേശ്വര എന്നിവര്‍ ഇന്നലെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ചനടത്തി.
കുമാരസ്വാമി- രാഹുല്‍ കൂടിക്കാഴ്ചക്ക് മുന്‍പ് കര്‍ണാടകയിലെ ചരടുവലികള്‍ക്കു നേതൃത്വം കൊടുത്ത ഗുലാംനബി ആസാദ്, കെ.സി വേണുഗോപാല്‍, അശോക് ഗെലോട്ട് എന്നിവര്‍ രാഹുലുമായി ചര്‍ച്ചനടത്തി. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളും ഭാവികാര്യങ്ങളും ഇവര്‍ രാഹുലിനെ ധരിപ്പിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ബി.എസ്.പി നേതാവ് മായാവതിയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. നാളെ കുമാരസ്വാമി മാത്രമെ സത്യപ്രതിജ്ഞ ചെയ്യൂവെന്നും ശേഷം വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തിയ ശേഷം സ്പീക്കറെ തെരഞ്ഞെടുക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഴുവന്‍ പ്രതിപക്ഷകക്ഷി നേതാക്കളെയും ക്ഷണിക്കാന്‍ കോണ്‍ഗ്രസ് കുമാരസ്വാമിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."