സന്തോഷ് ട്രോഫി സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
പനാജി: കാല്‍പന്തുകളിയുടെ ദേശീയ കിരീടത്തിനായുള്ള പെരുങ്കളിയാട്ടത്തിന്റെ കലാശപ്പോരിന് അര്‍ഹതയുള്ള ആ വമ്പന്‍മാര്‍ ആരെല്ലാം. ആവേശത്തിലും ആരവത്തിലും തുല്യരായ നാലു ശക്തികള്‍. പാരമ്പര്യത്തിന്റെ പകിട്ടുള്ള കേരളവും ബംഗാളും ഗോവയും പിന്നെ വടക്കുകിഴക്കിന്റെ പ്രതിനിധികളായ മിസോറാമും. ദേശീയ ഫുട്‌ബോള്‍ കിരീടം മോഹിച്ച് നാലു വമ്പന്‍മാരുടെ പോരാട്ടത്തിനാണ് ഇന്ന് ഗോവയിലെ ബാംബോലിന്‍ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബംഗാളും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമും തമ്മിലാണ് ആദ്യം സെമി പോരാട്ടം. ഉച്ചക്കഴിഞ്ഞ് മൂന്നിന് ആദ്യ സെമി നടക്കും. ഗ്രൂപ്പ് ബി ചാംപ്യന്‍മാരായ കേരളം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഗോവയെ രാത്രി ഏഴിന് നേരിടും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സെമി പോരാട്ടത്തിന് കേരളം യോഗ്യത നേടിയത്. ഗോവന്‍ സഫാരിക്ക് ഇറങ്ങുന്ന കേരളത്തിന്റെ കരുത്ത് യുവത്വവും പരിചയ സമ്പത്തുമാണ്.
ഗ്രൂപ്പ് പോരില്‍ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ മിസോറാമിനെ നേരിട്ട 11 അംഗ സംഘമാവും ഇന്ന് ഗോവയെ നേരിടാനിറങ്ങുക. മികവ് പുലര്‍ത്തുന്ന മുന്നേറ്റ മധ്യനിരകളില്‍ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ. പ്രതിരോധ നിരയില്‍ മാത്രമാണ് കാര്യമായ വിള്ളലുള്ളത്. ഇത് പരിഹരിച്ചുള്ള ഗെയിം പ്ലാന്‍ തയ്യാറാക്കിയാണ് പരിശീലകന്‍ വി.പി ഷാജി ടീമിനെ ഗോവയ്‌ക്കെതിരേ ഒരുക്കിയിട്ടുള്ളത്. പത്ത് ഗോള്‍ അടിച്ച കേരളം 7 ഗോള്‍ തിരികെ വാങ്ങിയിരുന്നു. റിസര്‍വ് ബെഞ്ചുകാരെ കളത്തിലിറക്കിയ അവസാന പോരില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടതെല്ലാം കേരളം മറന്നുകഴിഞ്ഞു.
പ്രതീക്ഷ സ്‌ട്രൈക്കര്‍മാരില്‍
കേരളത്തിന്റെ ഗോള്‍വേട്ടക്കാരായ നായകന്‍ പി ഉസ്മാന്‍, ജോബി ജസ്റ്റിന്‍, മുഹമ്മദ് പാറക്കോട്ടില്‍, അസ്ഹറുദ്ദീന്‍ എന്നിവര്‍ തന്നെയാണ് പ്രധാനികള്‍.
ആദ്യ പോരില്‍ റെയില്‍വേസിനെതിരേ ഹാട്രിക്കും മിസോറാമിനെതിരേ ഒരു ഗോളും നേടിയ ജോബി തന്നെയാണ് ആക്രമണനിരയെ നയിക്കുക. പഞ്ചാബിനെതിരേ അവസാന അഞ്ച് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി ടീമിന് സമനില സമ്മാനിച്ച മുഹമ്മദ് പാറക്കോട്ടില്‍ പകരക്കാന്റെ റോളില്‍ തന്നെയാവും ഇന്നും. മിസോറാമിനെതിരേ ഇരട്ട ഗോള്‍ നേടിയ അസ്ഹറുദ്ദീനും സെമിയില്‍ പന്തുതട്ടാനുണ്ടാവും.
ഗോവന്‍ കരുത്ത് പ്രതിരോധം
സ്വന്തം ആരാധകരുടെ മുന്നില്‍ പന്തുതട്ടാനാവും ഏതൊരു ടീമും ആഗ്രഹിക്കുക. മെക്‌സിക്കന്‍ തിരമാലകള്‍ തീര്‍ക്കുന്ന ഗാലറി തന്നെയാണ് ഗോവയുടെ പ്രധാന കരുത്ത്. മികച്ച താരനിരയും കടലാസിലെ പുലികളുമായ ഗോവയെ നേരിടുമ്പോള്‍ കണക്കുകള്‍ കേരളത്തിന് അനുകൂലം. നാല് പോരാട്ടങ്ങളില്‍ രണ്ട് ജയം ഒരു സമനില ഒരു പരാജയം എന്നതാണ് കേരളത്തിന്റെ കൈമുതല്‍. രണ്ടു വീതം ജയവും തോല്‍വിയുമായി ഗ്രൂപ്പില്‍ എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഗോവ സെമി ബര്‍ത്ത് നേടിയത്.
കാല്‍പന്തുകളിയില്‍ വീറും വാശിയും പോരാട്ട വീര്യവും ഒരേ പോലെ പ്രകടമാക്കുന്ന രണ്ടു തുല്യശക്തികളുടെ പോരാട്ടത്തില്‍ എന്തും സംഭവിക്കാം. കേരളത്തിന്റെ പ്രതിരോധം വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്നതാണെങ്കില്‍ ഗോവയുടെ പ്രതിരോധ സൈനികര്‍ ശക്തരാണ്.
ഏതു പ്രതിരോധത്തെയും മറികടക്കുന്ന സ്‌ട്രൈക്കര്‍മാരാണ് കേരളത്തിന്റെ കരുത്ത്. എന്നാല്‍, മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം ഗോവയെ വല്ലാതെ അലട്ടുന്നുണ്ട്. സ്‌പോട്ടിങ് ഗോവയുടെ മത്തേവൂസ് കോസ്റ്റയാണ് ഗോവയുടെ പരിശീലകന്‍. ബ്ലാസേറ്റേഴ്‌സിന്റെ മഞ്ഞജേഴ്‌സി അണിഞ്ഞ കാര്‍വാലോയാണ് ഗോവയുടെ കുന്തമുന. ഗോവന്‍ നിരയിലെ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, മിലാഗിനസ് ഗോണ്‍സാലോസ് എന്നിവരും മികച്ച ഫോമിലാണ്.
നാലും മികച്ചവര്‍
കാല്‍പന്തുകളിയുടെ പാരമ്പര്യം പേറുന്ന നാലു ടീമുകളും മികച്ച കളി പുറത്തെടുത്തത് തന്നെയാണ് അവസാന നാലായി കലാശപ്പോരിന് അര്‍ഹത നേടിയത്. കേരളം ബി ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ എ ഗ്രൂപ്പില്‍ ബംഗാളാണ് ഒന്നാം സ്ഥാനക്കാര്‍. മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും മിസോറാമിന് ഗോള്‍ ശരാശരിയില്‍ കേരളത്തിന് പിന്നിലാവേണ്ടി വന്നു. ഗ്രൂപ്പ് എയില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ബംഗാള്‍ അവസാന നാലില്‍ എത്തിയത്. കുറിയ പാസുകളും ഞെട്ടിക്കുന്ന ആക്രമണ ശൈലിയുമായി എത്തുന്ന വടക്കുകിഴക്കിന്റെ പ്രതിനിധി മിസോറാമിനെ പാരമ്പര്യത്തിന്റെ കരുത്തുമായാണ് ബംഗാള്‍ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."