മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാകുന്നു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പാംപോറിലുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധം. റമദാന്‍ കാലത്ത് ഇത്തരമൊരു ആക്രമണമുണ്ടായതില്‍ മുസ്‌ലിമായ താന്‍ ഏറെ ലജ്ജിക്കുന്നുവെന്ന പ്രസ്താവനയാണു വിവാദത്തിനു വഴിവച്ചത്.
പാംപോറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടു സൈനികര്‍ മരിക്കുകയും 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സി.ആര്‍.പി.എഫ് ക്യാംപ് സന്ദര്‍ശിച്ച് മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി ചിലര്‍ മതത്തിന്റെ പേരില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ മുസ്‌ലിമായ താന്‍ ലജ്ജിക്കുന്നുവെന്നും പ്രതികരിച്ചു. എന്തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ആക്രമണമെന്നു തനിക്ക് മനസിലാകുന്നില്ല. റമദാന്‍ മാസത്തില്‍ ശാന്തിയും സമാധാനവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഒരു ലക്ഷ്യവും നേടില്ല. കശ്മിരിനെ ദിനംപ്രതി മോശമാക്കുവാന്‍ മാത്രമേ ആക്രമണം വഴിവയ്ക്കുകയുള്ളൂ. ഇതുപോലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇസ്്‌ലാം ഒരിക്കലും പ്രേരിപ്പിക്കുന്നില്ല. തുടര്‍ച്ചയായി ആക്രമണം നടത്തി സംസ്ഥാനത്ത് സമാധാനം ഇല്ലാതാക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കാനും മാത്രമാണ് സഹായകമാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലായതാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം സംസ്ഥാനത്തെ സുരക്ഷാകാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ജമ്മു കശ്മിര്‍ ഡി.ജി.പി കെ. രാജേന്ദ്ര ഇന്നലെ യോഗം വിളിച്ചു. യോഗത്തില്‍ പൊലിസിന് പുറമെ, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സൈന്യം.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് എന്നിവയിലെ ഉന്നതര്‍ സംബന്ധിച്ചു. സുരക്ഷാ സേനയ്ക്കു നേരെ നടക്കുന്ന ആക്രമണം സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."