കാലത്തിനു തെറ്റുന്നു
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കയിലാണ് ഇന്നു ലോകം. മഞ്ഞു വീഴ്ച, കൊടുംശൈത്യം, വരള്‍ച്ച, പേമാരി, ഭൂകമ്പം, ഉരുള്‍പൊട്ടല്‍, ആഗോള താപനം എന്നിങ്ങനെ അനേകം പ്രതിസന്ധികളിലൂടെയാണ് കാലം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.
കാലാവസ്ഥ
ഒരു പ്രദേശത്തെ നീണ്ട കാലായളവിലെ ദിനാന്തര സ്ഥിതിയുടെ ശരാശരിയാണ് ആ പ്രദേശത്തെ കാലാവസ്ഥ. പ്രദേശത്തെ അന്തരീക്ഷ മര്‍ദ്ദം, താപം, ആര്‍ദ്രത, മഴ, കാറ്റ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.
ആഗോള താപനം
കൂട്ടുകാര്‍ പഠിച്ചിട്ടില്ലേ അന്തരീക്ഷ വായുവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നതുമൂലം അന്തരീക്ഷത്തിലെ താപനില ഉയരും. ഇതിനെയാണ് ഗ്രീന്‍ ഹൗസ് എഫെക്‌റ്റെന്ന് വിളിക്കുന്നത് ഗ്രീന്‍ ഹൗസ് എഫെക്റ്റ് വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭൂമിയുടേയും അന്തരീക്ഷത്തിന്റേയും ശരാശരി താപനിലയും വര്‍ധിക്കും. ഇതാണ് ആഗോള താപനം. ക്രമാതീതമായി വര്‍ധിക്കുന്ന ചൂട് മൂലം എന്തൊക്കെ ദുരിതങ്ങളാണ് നമുക്ക് സമ്മാനിക്കുകയെന്നറിയാമോ... ഭൂമുഖത്തുളള വനങ്ങളും പുല്‍പ്രദേശങ്ങളും വാടിക്കരിയും.
നിരവധി ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥ തകരും. ഫലമോ അവയുടെ വംശനാശം വേഗത്തിലാകും. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പു തന്നെ സംശയകരമാവും. ആഗോളതാപനം വര്‍ധിച്ചതോടെ ധ്രുവപ്രദേശത്തെ മഞ്ഞുമലകള്‍ ഭീമമായ അളവില്‍ ഉരുകി സമുദ്രത്തിലെ ജലതോത് വര്‍ധിച്ചു .
വേനല്‍ക്കാലത്തും വെള്ളപൊക്കമുണ്ടായി തുടങ്ങി. ഈ അവസ്ഥ പത്തു വര്‍ഷത്തോളം തുടര്‍ന്നാല്‍ സമുദ്രജലനിരപ്പ് ഉയരും. പല ദ്വീപുകളും വെള്ളത്തിലമരും. കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മനുഷ്യനും ഇതര ജീവികള്‍ക്കും കിടപ്പാടം നഷ്ടമാകും. സൂര്യനില്‍നിന്നുള്ള പ്രകാശത്തോടൊപ്പം ഇന്‍ഫ്രാ റെഡ് രശ്മികളും ഭൂമിയിലെത്തുന്നുണ്ട്. ഇവ ഭൂമിയില്‍നിന്നു പ്രതിഫലിപ്പിക്കുകയും വികിരണം ചെയ്യപ്പെടുകയുമാണ് പതിവ്. എന്നാല്‍ അന്തരീക്ഷത്തില്‍ നിലയുറപ്പിച്ച കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇവയെ തടഞ്ഞു നിര്‍ത്തുന്നു.ഫലമോ ഭൂമിയെ ഇവ ചുട്ടു പൊള്ളിക്കുന്നു.
ആഗോള താപനം
കുറയ്ക്കാന്‍
• കാര്‍ബണിക ഇന്ധനങ്ങളുടെ ഉപയോഗം
• വര്‍ധിച്ചു വരുന്ന വാഹനങ്ങള്‍
• വ്യവസായ ശാലകള്‍ പുറം തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്
• മാലിന്യങ്ങള്‍ വിഘടിക്കുമ്പോള്‍ സ്യഷ്ടിക്കപ്പെടുന്ന മീഥെയ്ന്‍
• അമോണിയ വളങ്ങളുടെ ഉപയോഗത്താലും ഇന്ധനങ്ങള്‍ കത്തുമ്പോഴും അന്തരീക്ഷത്തിലെത്തുന്ന നൈട്രസ് ഓക്‌സൈഡ് എന്ന ലാഫിംഗ് ഗ്യാസ്
• വ്യവസായ ശാലകളിലെ ഇന്ധനങ്ങള്‍ കത്തിയുണ്ടാകുന്ന സള്‍ഫര്‍ ഡയോക്‌സൈഡ്
• റെഫ്രിജറേറ്റുകളിലും എയര്‍ കണ്ടീഷണറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ എന്ന സി എഫ് സി വാതകങ്ങള്‍
• ബഹിരാകാശ വാഹനങ്ങളുടെ ഗമനങ്ങള്‍
പ്രതിപ്പട്ടികയില്‍
കന്നുകാലികളും
കന്നുകാലികളുടെ ആമാശയത്തില്‍വച്ച് ഭക്ഷണം ദഹിക്കുമ്പോള്‍ ധാരാളം മീഥേന്‍ വാതകം പുറത്തു വരും. ഇത് ആഗോള താപനത്തിന് വഴി തെളിയിക്കുമെന്നാണ് ഗവേഷകരുടെ വാദം. മാത്രമല്ല അമിതമായ കന്നുകാലി മേയ്ക്കല്‍ ഒരു പ്രദേശത്തെ സസ്യങ്ങളുടെ നാശത്തിനും അതുവഴി മണ്ണൊലിപ്പിനും കാരണമാകും
ഒരു മരം ഒരായിരം വരം
ആഗോള താപനം കുറക്കുന്നതില്‍ വൃക്ഷങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ദിനവും ഓരോ വൃക്ഷവും ടണ്‍ കണക്കിനാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നത്. നിലവിലുള്ള വായുവിനെ ശുദ്ധീകരിക്കുന്നതില്‍ നല്ലൊരു പങ്കും ഇവയ്ക്കുണ്ട്. ധാരാളമായി മരങ്ങള്‍വച്ചു പിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. മനുഷ്യന് മരങ്ങള്‍ ചെയ്യുന്ന ഉപകാരങ്ങള്‍ക്ക് വേതനം നിശ്ചയിക്കുകയാണെങ്കില്‍ നാം കുഴഞ്ഞതു തന്നെ. ഒരു മനുഷ്യ ജന്മം കൊണ്ടവ വീട്ടാനാവില്ല.
മഞ്ഞു മലകള്‍
ഉരുകുന്നു
ആഗോള താപനം സൃഷ്ടിക്കുന്ന ചൂടിനെ ആഗിരണം ചെയ്ത് സമുദ്രത്തിന്‍െ വ്യാപ്തം വര്‍ധിക്കുകയും തന്മൂലം സമുദ്ര നിരപ്പുയര്‍ന്ന് ചൂടു ജലമൊഴുകി കര ഭാഗങ്ങളെ മൂടുകയും ചെയ്യും. ഈ ജലം ധ്രുവ പ്രദേശത്തെയും നശിപ്പിക്കും. ഇവിടെയുള്ള മഞ്ഞു മലകള്‍ ഉരുകുന്നതു മൂലം സമുദ്രത്തിന്റെ ജലനിരപ്പില്‍ പിന്നെയും വ്യതിയാനം സൃഷ്ടിക്കും
സമുദ്ര ജലത്തിന്റെ ആധിക്യം വ്യാപക കാര്‍ഷിക വിള നാശത്തിനും സമുദ്ര തീരത്തെ കാര്‍ഷിക കേന്ദ്രങ്ങളുടെ നഷ്ടങ്ങള്‍ക്കും തീര പ്രദേശത്തിന്റെ നാശത്തിനും കാരണമാകുന്നു. ഭൂമിയിലെ താപനിലയില്‍ സംഭവിക്കുന്ന നേരിയ മാറ്റം പോലും പല സസ്യങ്ങളുടേയും ജന്തുക്കളുടേയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്ന ഇപ്പോള്‍ മനസ്സിലായില്ലേ
ഗ്രീന്‍ ഹൗസ് എഫെക്റ്റ്
ചില സസ്യങ്ങള്‍ ചില്ലുകൂട്ടില്‍ അടച്ചു വളര്‍ത്തുന്ന രീതി കണ്ടിട്ടില്ലേ. ഇവയെ ഗ്രീന്‍ഹൗസ് എന്നാണ് വിളിക്കുന്നത്. ഇത്തരം ചില്ലു കൂടുകള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇതിലേക്ക് കടന്നെത്തുന്ന സൂര്യ പ്രകാശം പുറത്തുപോകാതെ കൂടിനുള്ളില്‍ തങ്ങും. ഇതോടെ കൂടിനുള്ളിലെ ചൂടുകൂടും....ഈ പ്രതിഭാസത്തിന്റെ പേരില്‍ നിന്നാണ് ഗ്രീന്‍ ഹൗസ് എഫെക്റ്റ് എന്ന പേര് നമ്മുടെ ശാസ്ത്രജ്ഞന്‍ ആഗോള താപനത്തെ സൂചിപ്പിക്കാന്‍ കടമെടുത്തത്.
ചുട്ടുപൊള്ളുന്നു ഭൂമി
ഇടവപ്പാതിക്ക് ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ട് .എന്നിട്ടും കേരളം വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു. ഡാമുകളില്‍ പോലും ജലമില്ലാതായിരിക്കുന്നു. നദികളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിട്ടും .എന്ത് കൊണ്ടാണ് നമുക്ക് ഇത്രയും വലിയ ജലക്ഷാമം നേരിടേണ്ടി വരുന്നത്. അശാസ്ത്രീയമായ ജലമുപയോഗരീതിയും ജലസംരക്ഷണത്തിലുള്ള പിന്നോക്കവുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മണലൂറ്റി
വറ്റിച്ച പുഴ
നദികളുടെ അടിത്തട്ടില്‍ നിന്നും വര്‍ധിച്ച തോതിലുള്ള മണലൂറ്റ് അടിത്തട്ട് താഴ്ന്നു പോകാനും അതു വഴി സമീപപ്രദേശങ്ങളിലെ ജലസ്രോതസുകളിലെ ജലനിരപ്പ് കുറയാനും കാരണമാകുന്നു.
മണ്ണിട്ട് മൂടിയ തണ്ണീര്‍ത്തടങ്ങള്‍
വയല്‍ നികത്തി കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിയുന്നതിന്റെ തിരക്കിലാണ് മലയാളികള്‍.മഴവെള്ളത്തിന് ഭൂമിയിലേക്കിറങ്ങാന്‍ സാധിക്കാതെ മുറ്റവും തൊടിയും വരെ ഇന്റര്‍ലോക്കുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനാകാതെയായപ്പോള്‍ നമ്മുടെ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
മഴ വെള്ള ശേഖരണം
നന്നായി മഴ ലഭിക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴയുടെ പത്തിലൊന്ന് പോലും ശേഖരിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ആദ്യ കാലങ്ങളില്‍ വീടുകളില്‍ സുലഭമായിരുന്ന തുറന്ന കിണറുകള്‍ മഴ വെള്ള സംരക്ഷണത്തിനുള്ള ഉപാധികളിലൊന്നായിരുന്നു.ബോര്‍വെല്‍ കിണറുകള്‍ വന്നതോടെ മഴ വെള്ളശേഖരണവും കുറഞ്ഞു.
കുന്നിടിക്കുന്ന
മണ്ണു മാന്തിയന്ത്രങ്ങള്‍
മഴ വെള്ളത്തിന്റേയും ശുദ്ധജലത്തിന്റേയും ശേഖരണമാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന കുന്നുകളുടെ എണ്ണം അനുദിനം കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. മണ്ണ് മാന്തിയന്ത്രങ്ങള്‍ ഇടിച്ചു നിരത്തുന്ന വരും തലമുറയുടെ സ്വപ്നങ്ങള്‍ കൂടിയാണ്.
ജലക്ഷാമം
എന്തു ചെയ്യാം
ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കാം
• ഷവറിന് കീഴില്‍ കുളിച്ച് ശീലിച്ച നമുക്ക് ഇനി മഴക്കാലം വരും വരെ ബക്കറ്റ് വെള്ളം ശേഖരിച്ച് കുളിക്കാം
• മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഇനി ഫ്‌ളഷ് ടാങ്കുകള്‍ക്ക് പകരം ബക്കറ്റില്‍ വെള്ളം ശേഖരിച്ച് ക്ലീന്‍ ചെയ്യാം
• ബ്രഷ് ചെയ്യും നേരം വാട്ടര്‍ ടാപ്പ് തുറന്നു വയ്ക്കാതെ ബക്കറ്റില്‍നിന്നു വെള്ളം ഒഴിച്ച് ബ്രഷ് ചെയ്യാം
• ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ റണ്ണിംഗ് പമ്പ് ഉപയോഗിക്കാതെ സ്പ്രിംഗ്ലിംഗ് കാനോ ബക്കറ്റും കപ്പോ ഉപയോഗിച്ച് വെളളമൊഴിക്കാം
• വാഹനങ്ങള്‍ കഴുകാന്‍ റണ്ണിംഗ് ടാപ്പ് ഉപയോഗപ്പെടുത്താതെ ബക്കറ്റും കപ്പും ഉപയോഗപ്പെടുത്താം
ഹെയ്തിയുടെ
ദുരന്തം
കരീബിയന്‍ കടലിലെ ചെറിയ ദ്വീപാണ് ഹെയ്തി. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കൊണ്ട് ദുരിതമനുഭവിക്കുന്ന ഹെയ്തിയില്‍ 2010 ജനുവരിയില്‍ റിക്ടര്‍ സ്‌കെയില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. രണ്ടര ലക്ഷത്തിലധികം പേരുടെ ജീവന്‍പൊലിഞ്ഞു. പത്തു ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ഈ നൂറ്റാണ്ടിലെ വന്‍ ദുരന്തങ്ങളിലൊന്നായി ഹെയ്തി ഭൂകമ്പത്തെ കണക്കാക്കുന്നു.
ഭൂകമ്പത്തിന് കാരണം
ഭൗമാന്തര്‍ ഭാഗത്തു നടക്കുന്ന ടെക്ടോണിക് ആക്റ്റിവിറ്റീസ്, പ്ലൂട്ടോണിക് ആക്റ്റിവിറ്റീസ്, വോള്‍കാനിക് ആക്റ്റിവിറ്റീസ് എന്നിവ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നു. ഇവയില്‍ ടെക്ടോണിക് ആക്റ്റിവിറ്റീസ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വര്‍ധിപ്പിക്കുക.
ഭൂമിയുടെ ഉപരിലത്തില്‍ നിന്ന് ഏതാണ്ട് മുപ്പത് കിലോ മീറ്റര്‍ ആഴത്തില്‍ നിന്ന് ഉണ്ടാകുന്ന ഇവയ്ക്ക് വന്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. പ്ലൂട്ടോണിക് ആക്റ്റിവിറ്റീസ് കൊണ്ടുണ്ടാകുന്ന ഭൂകമ്പം ഭൂമിയുടെ ഉപരിലത്തില്‍ നിന്ന് 90 കിലോ മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഉണ്ടാകുന്നതിനാല്‍ കാര്യമായ നാശങ്ങള്‍ വരുത്തി വയ്ക്കുന്നില്ല. വോള്‍കാനിക് ആക്റ്റിവിറ്റീസ് മൂലമുള്ള ഭൂകമ്പങ്ങള്‍ വിതയ്ക്കുന്ന ലാവ പ്രവാഹം പോലെയുള്ള നാശനഷ്ടങ്ങള്‍ ഉപരിതലത്തിലെ കിലോമീറ്റര്‍ ചുറ്റളവില്‍ ഒതുങ്ങാറുണ്ട്. ഇവയോടൊപ്പം അണക്കെട്ടുകള്‍ പോലെയുളള കൃത്രിമ ഉപാധികള്‍ ഭൂകമ്പത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. അണക്കെട്ടുകളും കനാലുകളും സൃഷ്ടിക്കുന്ന പ്രേരിത ചലനങ്ങള്‍ ഇത്തരത്തിലുള്ളതാണ്.
സുനാമി
സുനാമികള്‍ക്ക് കാരണമാകുന്നത് പലപ്പോഴും ഭൂകമ്പം,അഗ്നിപര്‍വത സ്‌ഫോടനം, ഉല്‍ക്കാപതനം എന്നിവയാണ്. ഉള്‍ക്കടലില്‍ ഇവയുടെ തരംഗ ദൈര്‍ഘ്യം കിലോമീറ്ററുകള്‍ വരുമെങ്കിലും ഉയരം വളരെ കുറവായതിനാല്‍ ഉല്‍ക്കടലില്‍ ഇവയെ തിരിച്ചറിയാന്‍ സാധിക്കാറില്ല. കരയോടടുക്കുമ്പോള്‍ ഇവയുടെ തരംഗ ദൈര്‍ഘ്യം,ഉയരം എന്നിവയില്‍ മാറ്റം വന്ന് വന്‍ തിരമാലകള്‍ സൃഷ്ടിക്കുന്നു. കരയോടടുക്കുമ്പോള്‍ കടലിന്റെ ആഴം കുറഞ്ഞ് സുനാമിയുടെ വേഗത കുറയുകയും അതോടൊപ്പം തരംഗ ദൈര്‍ഘ്യം കുറഞ്ഞ് തിരകളുടെ നീളം ചെറുതായി ഉയരം കൂടിയാണ് ദുരന്തമുണ്ടാകുന്നത്. തുടര്‍ച്ചയായിട്ടുള്ള ദ്രുതഗതിയിലുള്ള വേലിയേറ്റമാണ് യഥാര്‍ത്ഥത്തില്‍ സുനാമി.ആദ്യഘട്ടത്തില്‍ കരയിലേക്ക് എത്തുന്ന ജലത്തിന് പിന്നാലെ വരുന്ന ഭീമമായ ജലമാണ് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.
നഗരങ്ങളെ
തകര്‍ത്ത
വെസൂവിയസ്
ഇറ്റലിയിലെ വെസൂവിയസ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചത് മൂലം പോംപെ,ഹെര്‍ക്കുലേനിയം എന്നീ നഗരങ്ങള്‍ തന്നെ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുകയുണ്ടായി. എ.ഡി.79 ലാണ് വെസൂവിയസ്സിന്റെ ഉഗ്രസ്‌ഫോടനം നടന്നത്.ഇതോടെ ചാരം മൂടിയ രണ്ട് നഗരങ്ങളും അവയിലെ മനുഷ്യരും ഭൂ മുഖത്ത് നിന്നും അപ്രത്യക്ഷരായി. വര്‍ഷങ്ങള്‍ക്ക് ശഷം പോംപെ നഗരത്തെ ഗവേഷകര്‍ പുനസൃഷ്ടിക്കുകയുണ്ടായി. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ആഗോള താപനത്തിന് കാരണമാകുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
പസഫിക്കിന്റെ
സ്വന്തം സുനാമി
ലോകത്ത് നടന്ന ഭൂരിപക്ഷം സുനാമികളും പസഫിക് സമുദ്രത്തിനും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് നടന്നിട്ടുള്ളത്. ബി.സി.47 നു ശേഷം പസഫിക്കില്‍ ഉണ്ടായിട്ടുള്ള സുനാമികള്‍ ഏതാണ്ട് ആയിരത്തി ഇരുന്നൂറെണ്ണം വരും.
വെള്ളപ്പൊക്കങ്ങളുടെ ഭൂമി
നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് വെള്ളപ്പൊക്കം മൂലമാണ്. വെള്ളപ്പൊക്കവും അതുവഴിയുണ്ടാകുന്ന മരണവുംകൃഷി നാശവും പകര്‍ച്ചാവ്യാധികളും ഈ കൊച്ചു രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു കൊണ്ടിരിക്കുകയാണ്. 1987 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ 40 ശതമാനം വെള്ളത്തിലാഴ്ന്നു.1998 ല്‍ കരയുടെ 75 ശതമാനം വെളളത്തിലായപ്പോള്‍ 2004 ല്‍ മൂന്നില്‍ രണ്ട് ഭാഗം വെളളം കയറി.
അമേരിക്കയെ തകര്‍ത്ത കത്രീ2005 ല്‍ അമേരിക്കയിലുണ്ടായ കത്രീന എന്ന ചുഴലിക്കാറ്റ് മൂലം ന്യൂ ഓര്‍ലിയന്‍സ് നഗരം തകര്‍ന്നു.ആയിരക്കണക്കിന് പേരുടെ ജീവനും കിടപ്പാടവും നഷ്ടമായി.
കൊടുങ്കാറ്റുംചുഴലിക്കാറ്റും
ഒരു പ്രദേശത്തുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനം കൊടുങ്കാറ്റിനും ചുഴലിക്കാറ്റിനും വഴിവയ്ക്കുന്നു.അന്തരീക്ഷ മേഘങ്ങള്‍ക്കു താഴെ വീശിക്കൊണ്ടിരിക്കുന്ന കാറ്റിലേക്ക് ഭൗമോപരിതലത്തിലെ ചൂടു പിടിച്ച ഈര്‍പ്പമുള്ള വായു ചേരുമ്പോഴാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കനത്ത നാശനഷ്ടങ്ങളാണ് പ്രസ്തുത കാറ്റുകളുണ്ടാക്കുന്നത്. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളാണ് ചുഴലിക്കാറ്റുകളുടെ ആക്രമണംകൂടുതലായും സംഭവിക്കുന്നത്. ഹരിക്കെയ്ന്‍,ടൊര്‍ണാഡോ,കത്രീന,മിച്ച്, റീത്ത, ടൈഫൂണ്‍മെയ്മി, ആയില തുടങ്ങിയ നിരവധി കാറ്റുകള്‍ വന്‍ നാശ നഷ്ടങ്ങളാണ് ഭൂമുഖത്ത് വരുത്തിവച്ചത്.
ശുദ്ധജലം വിഴുങ്ങുന്ന ഭീമന്‍
വ്യപാരസ്ഥാപനങ്ങളിലും വാസഗൃഹങ്ങളിലും ശുദ്ധജലം വിഴുങ്ങുന്ന ഭീമനാണ് ടോയ്‌ലറ്റിലെ ഫ്‌ളഷ് ടാങ്ക് . ദിവസത്തില്‍ ആകെയുപയോഗിക്കുന്നശുദ്ധജലത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ഫ്‌ളഷിനുവേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. അഞ്ച് ലിറ്റര്‍ മുതല്‍ ഏഴര ലിറ്റര്‍ വരെയാണ് ഓരോ ഫ്‌ളഷിലും ഉപയോഗപ്പെടുത്തുന്നത്.
ജലമലിനീകരണവും
മരണവും
ലോകത്ത് ഓരോ വര്‍ഷവും 2.6 കോടി ജനങ്ങള്‍ മലിന ജലകുടിക്കുന്നതുമൂലമുള്ള രോഗത്താല്‍ മരണമടയുന്നുണ്ട്. ഓരോ എട്ടു സെക്കന്റിലും ലോകത്തിലെ ഒരാള്‍മലിന ജലം കുടിച്ച് രോഗിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."