സംസ്ഥാനത്ത് ഭവനനിര്‍മാണ നയം നടപ്പാക്കും
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്കായി മെച്ചപ്പെട്ടതും ചെലവു കുറഞ്ഞതുമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സംസ്ഥാനത്ത് ഭവനിര്‍മാണ നയം നടപ്പാക്കാന്‍ ആലോചന. അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതിയ നയം നടപ്പാക്കാനാണു നീക്കം.
ഇതിനായി സംസ്ഥാനത്ത് നിലവില്‍ ഭവനരഹിതര്‍ എത്രപേരുണ്ടെന്നും മറ്റു വകുപ്പുകള്‍ വഴി വീടുകള്‍ നല്‍കുന്ന എത്ര പദ്ധതികളുണ്ടെന്നുമുള്ള കണക്കെടുപ്പ് നടത്തുമെന്നും ഭവനിര്‍മാണ വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഫിഷറീസ്, റവന്യൂ, വനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ വഴി നിരവധി ഭവനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതു കൂടാതെ കേന്ദ്ര പദ്ധതികളും. ഇവയിലൊന്നും പെടാത്ത പാവപ്പെട്ടവരുടെ കണക്കെടുപ്പാണ് ഉദ്ദേശിക്കുന്നത്. ഇത്തരം കുടുംബങ്ങളുടെ വ്യക്തമായ കണക്കുലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് ഭവനനിര്‍മാണ നയം നടപ്പാക്കാനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കായി പ്രകൃതിചൂഷണം വ്യാപകമായിരിക്കുകയാണ്. ഇതിനെ ഫലപ്രദമായി ചെറുക്കുകയാണു നയം ലക്ഷ്യമിടുന്നത്.
ഭവനനിര്‍മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിവരുന്ന നിര്‍മാണങ്ങള്‍ ചെലവേറിയതാണ്. ലാറിബേക്കര്‍ മോഡല്‍ വീടുകള്‍, പ്രീ-ഫാബ് വീടുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനുള്ള നയമായിരിക്കും കൊണ്ടുവരിക. കൂടാതെ ഒരു കുടുംബത്തിന് താമസിക്കാന്‍ വയ്ക്കുന്ന വീടിന്റെ വിസ്തീര്‍ണത്തിലും ഉപയോഗിക്കുന്ന സ്ഥലത്തിനും നിയന്ത്രണം കൊണ്ടുവരാനും സാധ്യതയുണ്ട്.
സാധാരണ കുടുംബത്തിനു ചെലവുകുറഞ്ഞ രീതിയില്‍, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന ഉറപ്പുള്ള വീടുകള്‍ നിര്‍മിക്കുകയെന്ന ഉദ്ദേശമാണുള്ളത്. അതേസമയം, വന്‍കിടക്കാരുടെ മാളികകള്‍ പണിയുന്നതിനു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയേക്കും.
ഏതു തരത്തിലുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റി തീരുമാനിക്കും. ഓരോ സ്ഥലങ്ങളുടേയും ഭൂപ്രകൃതി അനുസരിച്ച് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഭവനനിര്‍മാണ ബോര്‍ഡ് കമ്മിഷണര്‍ പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മാണം, ഒറ്റനില വീടുകള്‍ തുടങ്ങിയവയ്ക്ക് വ്യത്യസ്ത രീതികള്‍ അവലംബിക്കും.
ഭൂപ്രകൃതി അനുസരിച്ച് ലാറി ബേക്കര്‍ വീടുകളും, കൂട്ടിച്ചര്‍ക്കാവുന്നതും അഴിച്ചെടുക്കാവുന്നതുമായ ഘടകങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന പ്രീ-ഫാബ് വീടുകളും നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."