മന്ത്രിമാരുടെ തീരുമാനത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടിക്കെതിരേ സി.പി.ഐ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ എടുക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടി ഇന്നലെ നടന്ന സി.പി.ഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. പ്രധാനമായും എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തെ സ്ഥലം മാറ്റാന്‍ റവന്യു വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞത് ശരിയായ നടപടിയല്ലെന്ന് അഭിപ്രായമുയര്‍ന്നു.
സി.പി.ഐയുടെയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെയും താല്‍പര്യപ്രകാരമാണ് പുതിയ കലക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫിസ് ശ്രമിച്ചത്. എറണാകുളം കലക്ടര്‍ രാജമാണിക്യം ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നെന്ന പാര്‍ട്ടിതലത്തിലുയര്‍ന്ന പരാതിയിലാണ് രാജമാണിക്യത്തെ മാറ്റാന്‍ സി.പി.ഐ പ്രതിനിധിയായ റവന്യുമന്ത്രി ശ്രമിച്ചത്.
എന്നാല്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തതോടെ മന്ത്രിക്ക് പിന്‍മാറേണ്ടി വന്നു. ഇങ്ങനെ പോയാല്‍ പിണറായി തീരുമാനിക്കുന്നതു മാത്രമേ ചെയ്യാന്‍ കഴിയൂവെന്ന് യോഗത്തില്‍ ഒരു മന്ത്രി പറഞ്ഞു.
അതിനിടെ ദിവാകരന്‍ മന്ത്രിയായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു നിലപാട് സി.പി.എം സ്വീകരിക്കില്ലായിരുന്നുവെന്ന് ദിവാകര ഗ്രൂപ്പ് വാദിച്ചു.
സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരേ ശക്തമായ നിലപാടെടുക്കാനാണ് സി.പി.ഐ യോഗം തീരുമാനിച്ചതെന്നറിയുന്നു.
അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനും തീരുമാനിച്ചു. തങ്ങളുടെ വകുപ്പിലെ മന്ത്രിമാരുടെ കീഴില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ എവിടെയൊക്കെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അക്കാര്യത്തില്‍ ആരുടെ ഇടപെടലിനും വഴങ്ങില്ലെന്നുമാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്.
സി.പി.ഐയ്ക്ക് അനുവദിക്കേണ്ട ബോര്‍ഡ്, കോര്‍പറേഷന്‍ ഏതെക്കെവേണമെന്ന തീരുമാനം ഇന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും. കൂടാതെ സി.പി.ഐയ്ക്ക് അനുവദിച്ചിട്ടുള്ള പി.എസ്.സി മെമ്പറെയും ഇന്നു തീരുമാനിക്കും.
അതേസമയം, പാര്‍ട്ടി പ്രതിനിധികളായ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിനു കീഴിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ഒരു തീരുമാനത്തിലെത്തരുതെന്നും യോഗത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."