ഇന്ന് ജൈവ വൈവിധ്യ ദിനം: പെണ്‍പരമ്പര കാത്ത് അക്കരവിളാകം കാവ്
സ്വന്തം ലേഖകന്‍
കാട്ടാക്കട: ജൈവ വൈവിധ്യങ്ങളുടെ കലവറ എന്നതിലുപരി പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് അക്കരവിളാകം കാവിന്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഢ വനത്തിന്റെ പുറം കാഴ്ച സമ്മാനിച്ച് കാവ് നിലനില്‍ക്കുന്നത്. കാവു തീണ്ടാതെ തലമുറകള്‍ക്കായി കാക്കാന്‍ സ്ത്രീകളെ കാരണവര്‍ സ്ഥാനത്തേറ്റുന്നതാണ് ഇവിടുത്തെ പൈതൃകം. നൂറ്റാണ്ടുകളുടെ പെണ്‍ചരിതം അവകാശപ്പെടുന്ന വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവര്‍ ഓമനയമ്മ (86) ആണ്.
1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളില്‍ മുതിര്‍ന്നവരായ ഓമനയമ്മയ്ക്ക് കാരണവര്‍ സ്ഥാനം കിട്ടിയത്. നൂറ് വര്‍ഷം മുന്‍പ് ഓമനയമ്മയുടെ അച്ഛന്‍ വൈദ്യര്‍ കൃഷ്ണപിള്ള നാഗത്താന്‍ കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനച്ചു. അതോടെ അക്കരവിളാകം കാവ് ഔഷധ സസ്യങ്ങളുടേയും ഉദ്യാനമായി. പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് മുന്നൂറ് വര്‍ഷം മുന്‍പ് ഭണ്ഡാര വകയായി വന്നുചേര്‍ന്ന അന്‍പത് ഏക്കര്‍ ഭൂമി. കൂട്ടുകുടുംബമായാണ് ഇവര്‍ മൂന്നു കുടുംബങ്ങളും അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തിരുന്നത്.
ഒന്നര നൂറ്റാണ്ട് മുന്‍പ് കുടുംബങ്ങള്‍ ഭാഗം വച്ച് പിരിഞ്ഞപ്പോള്‍ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. കാവു തീണ്ടരുതെന്ന പൂര്‍വികരുടെ ഓര്‍മപ്പെടുത്തല്‍ അവര്‍ മറന്നില്ല. ഓഹരിയില്‍ ഉണ്ടായിരുന്ന കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത പെണ്‍കുട്ടികള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി.
ഇന്നും അത് തെറ്റാതെ പിന്‍തുടരുകയാണ് അക്കരവിളാകത്തുകാര്‍. ആരയാല്‍, പേരാല്‍, പാല, മൊട്ടല്‍, പോങ്ങ്, ചൂരല്‍, അത്തി, ചെമ്പകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വൃക്ഷലാതികള്‍. അശോകം, തഴുതാമ, നന്തിയാര്‍, കച്ചോലം, സര്‍പ്പഗന്ധി, ആവണക്ക് എന്നിങ്ങനെ ഔഷധ സസ്യങ്ങള്‍. നാഗര്‍ പ്രതിഷ്ഠയും മന്ത്രമൂര്‍ത്തി സ്ഥാനവും. കാവിന് കണ്ണാടിയെന്നോണം തെളിനീര്‍ ചുരത്തുന്ന കുളം. ആകെക്കുടി ഗൃഹാതുരത്വത്തിന്റെ അടയാളമാണ് അക്കരവിളാകം കാവ്. പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാല്‍ ആകാശക്കീഴിലെ ജൈവ വൈവിധ്യം കണ്ണിനും മനസിനും കുളിരേകും. ഉപ്പനും പഞ്ചവര്‍ണ്ണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്ന കാവ്. ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഈ കാവില്‍ വസിക്കുന്നുണ്ടെന്ന് കാരണവര്‍ ഓമനയമ്മ പറയുന്നു. നൂറും പാലും നേദിച്ച്, നാഗദേവന് തിരി തെളിച്ച് നടന്നു നീങ്ങുമ്പോള്‍ ഭണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെ പലകുറി കണ്ടിട്ടുണ്ട് ഓമനയമ്മ. ഒരിക്കല്‍പ്പോലും അവ തന്നെയോ, താനോ ഉപദ്രവിച്ചിട്ടില്ലെന്ന് നവതിയോടടുക്കുന്ന ഓമനയമ്മ പറയുന്നു.
2013 ല്‍ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയില്‍ അക്കരവിളാകം കാവിനെ ഉള്‍പ്പെടുത്തി. വര്‍ഷം തോറും വനം വകുപ്പ് 20000 രൂപ കാവിന്റെ സംരക്ഷണത്തിനായി കാരണവര്‍ക്ക് നല്‍കുന്നുണ്ട്. പ്രായാധിക്യത്താല്‍ കാഴ്ചയ്ക്ക് അല്‍പ്പം മങ്ങലുണ്ടെങ്കിലും കാവിലെ കാര്യങ്ങള്‍ മുടക്കാന്‍ ഓമനയമ്മ ഒരുക്കമല്ല. തലമുറ കൈമാറിയ കാരണവര്‍ സ്ഥാനം ദൈവ നിയോഗമാണ് അക്കരവിളാകത്തെ അമ്മമാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."