സ്റ്റേഡിയത്തിനുള്ളിലെ മാലിന്യപ്ലാന്റ് നിര്‍മാണം: പ്രതിഷേധം ശക്തമാകുന്നു
പാലാ : നഗരസഭയ്ക്ക് അനുവദിച്ച മാലിന്യപ്ലാന്റ് പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിനുളളില്‍ സ്ഥാപിക്കാനുളള നീക്കം വ്യാപാരികളും കായികപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
ചൊവ്വാഴ്ച രാത്രിയില്‍ ജിംനേഷ്യത്തിന് സമീപം മുനിസിപ്പല്‍ കോംപ്ലക്‌സിനോട് ചേര്‍ന്ന് പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും രാവിലെ എത്തിയ വ്യാപാരികള്‍ നിര്‍മാണം തടയുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വ്യാപാരികളെ വിളിച്ചുവരുത്തി രാവിലെ തന്നെ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് പുതുതായി നിര്‍മിച്ച സിന്തറ്റിക് ട്രാക്കിന്റെ വശത്തേക്ക് മാറ്റി വീണ്ടും പ്ലാന്റ് നിര്‍മിക്കാന്‍ നീക്കം ആരംഭിച്ചത്. തൂണുകള്‍ സ്ഥാപിച്ച് ഷെഡ് ഉണ്ടാക്കി അതിനുളളില്‍ ഇരുമ്പ് വലകള്‍കൊണ്ട് നിര്‍മിച്ച പ്ലാന്റ് സ്ഥാപിക്കും. പ്ലാസ്റ്റിക്, പേപ്പര്‍ ഉള്‍പ്പടെയുളള വസ്തുക്കള്‍ പ്ലാന്റില്‍ നിക്ഷേപിച്ച് കമ്പോസ്റ്റാക്കുന്നതാണ് പദ്ധതി.
നഗരസഭയുടെ കാന്റീനും ഓഫിസുകളും പ്രവര്‍ത്തിക്കുന്നതിനടുത്തും കായികതാരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന് സമീപവുമാണ് നിലവില്‍ നിര്‍മാണം നടക്കുന്നത്. എന്നാല്‍ സിന്തറ്റിക് ട്രാക്കിന് പുറത്ത് കായികതാരങ്ങള്‍ക്ക് ഒരുങ്ങുന്നതിനും തയ്യാറെടുപ്പ് നടത്തുന്നതിനും ഗാലറി നിര്‍മിക്കുന്നതിനും മാറ്റി വച്ചിരിക്കുന്ന സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുതെന്ന് കാണിച്ച് വിവിധ സ്‌പോര്‍ട്‌സ് പ്രവര്‍ത്തകരും കായികതാരങ്ങളും രംഗത്തെത്തിയതോടെ നിര്‍മാണം തത്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
21 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിന്റെ സമീപം മാലിന്യകൂമ്പാരവും 24 മണിക്കൂറും പുകയുന്ന സാഹചര്യവും സൃഷ്ടിക്കുന്ന നഗരസഭ നടപടിക്കെതിരേ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയത്തിന് ചുറ്റും നാട്ടുകാര്‍ക്കായി നടപ്പാത നിര്‍മിക്കുന്നതിന് നീക്കിവച്ചിരിക്കുന്ന സ്ഥലം കയ്യേറിയാണ് പ്ലാന്റ് നിര്‍മാണം നടക്കുന്നത്. സ്റ്റേഡിയത്തിനായി നഗരസഭ വിട്ടുനല്‍കിയ സ്ഥലം ചുറ്റുമതില്‍ കെട്ടി തിരിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. കോംപ്ലക്‌സിന്റെ പിന്നിലുളള ഭാഗത്ത് സ്റ്റേഡിയം കയ്യേറിയാണ് ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം നടപ്പാത നിര്‍മിക്കുന്നതിനാവശ്യമായ വീതിയോ ഇവിടെ പണിയാന്‍ ഉദേശിക്കുന്ന ഗാലറിക്കാവശ്യമായ സ്ഥലമോ ഇല്ലാത്ത അവസ്ഥയാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവദിച്ച എയ്‌റോബി കംപോസ്റ്റ് പ്ലാന്റാണ് സ്ഥാപിക്കുന്നതെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പറഞ്ഞു. ജൈവ മാലിന്യങ്ങള്‍ കരികിലയും രാസലായനികളും ചേര്‍ത്ത് സംസ്‌ക്കരിക്കുന്നത് പദ്ധതിയാണിതെന്നും അവര്‍ പറഞ്ഞു.
യാതൊരുവിധ പരിസ്ഥിതി പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാവുകയില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് എട്ടു ലക്ഷം രൂപ മുടക്കി പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടന്നും ലീനസണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."