യമനില്‍ സ്‌ഫോടന പരമ്പര: 35 പേര്‍ കൊല്ലപ്പെട്ടു
ദമ്മാം: യമനില്‍ ചാവേറുകള്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു . തിങ്കളാഴ്ച യമനിലെ വിവിധ ഭാഗങ്ങളിലാണ് ചാവേര്‍ ആക്രമണം നടന്നത് .
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അല്‍ ഖൈദയില്‍ നിന്നും യമന്‍ സൈന്യം തിരിച്ചു പിടിച്ച തെക്കു കിഴക്കന്‍ പട്ടണമായ മുഖല്ലയുടെ വിവിധ ഭാഗങ്ങളിലാണ് സ്‌ഫോടന പരമ്പര ഉണ്ടായത്.
വിവിധ സ്ഥലങ്ങളിലെ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സര്‍ക്കാറിന്റെ കീഴിലെ ഹളര്‍ മൗത് പ്രവിശ്യാ ഗവര്‍ണര്‍ അഹ്മദ് സഈദ് ബിന്‍ ബ്രൈക് വ്യക്തമാക്കി.
മൂന്നു കേന്ദ്രങ്ങളിലായാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ആദ്യ സ്‌ഫോടനത്തില്‍ തീര ദേശത്തെ ചെറു പട്ടണത്തില്‍ സൈന്യം നോമ്പു തുറക്കുന്ന സമയം മുതലെടുത്താണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്.
മോട്ടോര്‍ ബൈക്കിലെത്തിയ ചാവേര്‍ സൈന്യത്തോട് നോമ്പ് തുറക്കാനുള്ള സൗകര്യം ചോദിക്കുകയും ഇതിനിടയില്‍ സൈന്യത്തിനിടയിലേക്ക് കയറിയ ഇയാള്‍ സ്വയം പൊട്ടി തെറിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പട്ടണത്തിലെ സൈന്യത്തിന്റെ പ്രതിരോധ കവചങ്ങള്‍ നല്‍കുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത് .
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ആര്‍മി ക്യാമ്പിന് മുന്നില്‍ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് മൂന്നാമത്തെ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ ഔദ്യോഗിക സര്‍ക്കാര്‍ സൈന്യമാണ് കൂടുതല്‍ കൊല്ലപ്പെട്ടത് .കൂടാതെ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
യമനില്‍ സമാധാനം പ്രതീക്ഷിച്ചു കൊണ്ട് ഔദ്യോഗിക സര്‍ക്കാരും സര്‍ക്കാര്‍ വിരുദ്ധ ഇറാന്‍ അനുകൂല ഹൂതി ശീഈ വിഭാഗവും തമ്മില്‍ കുവൈത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്‌ഫോടന പരമ്പര നടത്തുന്നത്.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സ്‌ഫോടന പരമ്പരയില്‍ 41 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു മാസത്തോളമായി കുവൈത്തിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഇതിനകം തന്നെഇരു വിഭാഗങ്ങളും തമ്മില്‍ വിവിധ കാര്യങ്ങളില്‍ രമ്യതയില്‍ എത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ ചര്‍ച്ചക്കായി യു.എന്‍ സിക്രട്ടറി ബാന്‍ കി മൂണ്‍ ശനിയാഴ്ച കുവൈത്തില്‍ എത്തിയിട്ടുണ്ട്.
ഈദുല്‍ ഫിത്വര്‍ പെരുന്നാളിന് ശേഷം സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടരുമെന്നാണറിയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."