ബലാത്സംഗ വീരന്മാരെ സംരക്ഷിക്കലാണ് ബി.ജെ.പി നയമെന്ന്
ചെങ്ങന്നൂര്‍: പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊന്ന സ്വന്തം നേതാക്കളെ സംരക്ഷിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചെറിയനാട് പടനിലത്തുചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തയ്യാറല്ല. പ്രതികളില്‍ പലരും ബി.ജെ.പി നേതാക്കളും എം.എല്‍.എമാരുമാണ്. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ പിന്നാക്ക സമുദായക്കാരായതിനാല്‍ സവര്‍ണ നേതാക്കള്‍ കൊലപ്പെടുത്തുന്നത് സാധാരണമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
യു.ഡി.എഫ് നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നടന്നത് ഭരണമല്ല; ഭരണാഭാസമാണ്.
എല്‍.ഡി.എഫ് അധികാരമേറ്റതോടെ കേരളം വീണ്ടും വികസനപാതയില്‍ കുതിക്കുകയാണ്. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാനുള്ള കരുത്തില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കേരളത്തില്‍ ഒരു സീറ്റില്‍ ബി.ജെ.പി ജയിച്ചത് കോണ്‍ഗ്രസിന്റെ സഹായംകൊണ്ടാണ്. ഈ സാഹചര്യത്തില്‍ രാജ്യം കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്.
ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ ജനപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് കരുത്തുപകരാന്‍ സജി ചെറിയാന്റെ വിജയം അനിവാര്യമാണെന്നും പന്ന്യന്‍ പറഞ്ഞു.ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. എല്‍.ഡി.എഫ് ചെറിയനാട് നോര്‍ത്ത് മേഖലാ കമ്മിറ്റി പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷനായി.
സ്ഥാനാര്‍ഥി സജി ചെറിയാന്‍, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു, എസ്. ശര്‍മ എം.എല്‍.എ, മന്ത്രി എ. കെ ശശീന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, എം.എല്‍.എമാരായ ആര്‍. രാജേഷ്, എം. നൗഷാദ്, ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ സംസാരിച്ചു. എല്‍.ഡി.എഫ് മേഖലാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."