തെരഞ്ഞെടുപ്പിനിടെ കെ.എസ്.യുക്കാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തെരുവില്‍ ഏറ്റുമുട്ടി
കൊച്ചി: ഗ്രൂപ്പ് തിരിഞ്ഞു തെരുവിലെ ഏറ്റുമുട്ടലോടെ കെ.എസ്.യു ജില്ലാഭാരവാഹി തെരഞ്ഞെടുപ്പു സമാപിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലാ അധ്യക്ഷ സ്ഥാനമടക്കം ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പിടിച്ചെടുത്തു. അതേസമയം എ ഗ്രൂപ്പ് വിജയം കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നുമുള്ള ആവശ്യങ്ങളുമായി എന്‍.എസ്.യു നേതൃത്വത്തെ സമീപിക്കുമെന്നു കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വൈ ഷാജഹാന്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11.30ന് കള്ളവോട്ടിനെ ചൊല്ലി ഇരുവിഭാഗം തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്. വിശ്വജ്യോതി കോളജിലെയും മൂവാറ്റുപുഴ സെന്റ് ജോര്‍ജ് കോളജിലെയും വിദ്യാര്‍ഥികള്‍ വോട്ടുചെയ്യാനെത്തിയതിനെ ഐ ഗ്രൂപ്പ് ചോദ്യം ചെയ്തതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പരമാവധി അംഗങ്ങളെ വോട്ട് ചെയ്യിക്കുന്നതിനായി എ, ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. ഇരുഗ്രൂപ്പുകളും തമ്മിലുളള സംഘര്‍ഷം നഗരത്തിലേക്കും വ്യാപിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഐ ഗ്രൂപ്പുകാരായ ഇ.വൈ ഷാജഹാന്‍, വിനോദ് മല്യ എന്നിവരെ കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കലൂര്‍ റിനെ ഇവന്റ് ഹബിലാണു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പ്രസിഡന്റായി 356 വോട്ടുകള്‍ നേടി എ വിഭാഗത്തിലായി അലോഷ്യസ് സേവ്യര്‍ വിജയിച്ചു. ഐ ഗ്രൂപ്പിലെ ഭാഗ്യനാഥ് എസ്.നായരാണ് പരാജയപ്പെട്ടത്. 13 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
ഭാഗ്യനാഥ് വൈസ് പ്രസിഡന്റായി. എ ഗ്രൂപ്പിലെ ഷാരൂണ്‍ പനയ്ക്കനാണു മറ്റൊരു വൈസ് പ്രസിഡന്റ്. 10 ജനറല്‍ സെക്രട്ടറിമാരില്‍ അഞ്ച് എണ്ണം എ ഗ്രൂപ്പ് നേടി.
രണ്ടെണ്ണം ഐ നേടി. രണ്ടു ഭാരവാഹി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 10 ജോയിന്റ് സെക്രട്ടറിമാരില്‍ ആറെണ്ണം എ ഗ്രൂപ്പും രണ്ടെണ്ണം ഐയും നേടി. 25 അംഗ ജില്ലാകമ്മിറ്റിയില്‍ 13ഉം എ നേടി. ഏഴെണ്ണം ഐക്കും ലഭിച്ചു. മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു പ്രതിനിധിക്ക് ഏഴു വോട്ടുവീതമായിരുന്നുണ്ടായിരുന്നു. മൂന്നുവീതം വോട്ടുകള്‍ സംസ്ഥാന സമിതി, ജില്ലാ സമിതി അംഗങ്ങള്‍ക്കും ഒരെണ്ണം ദേശീയ പ്രതിനിധിയെ തെരഞ്ഞെടുക്കാനും രേഖപ്പെടുത്താം. ജില്ലയില്‍ 1163 വോട്ടുകളാണ്ടായിരുന്നത്. ദീര്‍ഘകാലമായി ഐ ഗ്രൂപ്പിന്റെ കൈവശമായിരുന്ന കെ.എസ്.യു നേതൃത്വം എ ഗ്രൂപ്പ് പിടിച്ചെടുത്തതോടെ ഐ ഗ്രൂപ്പില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."