ഐതിഹ്യമുണര്‍ത്തി അമ്പലപ്പുഴ നാടകശാല സദ്യ
അമ്പലപ്പുഴ: ഉപ്പ് തൊട്ട് നാല്പത്തെട്ട് വിഭവങ്ങള്‍ കൂട്ടിയുണ്ട് വഞ്ചിപ്പാട്ട് പാടി താളം ചവിട്ടി ഭക്തര്‍ അമ്പലപ്പുഴയിലെ നാടകശാലസദ്യയില്‍ പങ്കെടുത്ത് മടങ്ങി.
രാവിലെ എട്ടു മണിമുതല്‍ നാടകശാലയുടെ മുന്നില്‍ ഭക്തര്‍ നിരയില്‍കൂടി.തൂശനില നാടകശാലക്കുളളില്‍ നിരത്തി ഉപ്പ് തൊട്ടുളള തൊടുകറികള്‍ വിളമ്പി. കൂടാതെ ഉണക്കമുന്തിരി, പഴുത്തമുന്തിരി, ചക്കപ്പഴം തുടങ്ങിയവയും ഇലയറ്റത്ത് നിരത്തി.
പാരമ്പര്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് മണ്‍പാത്രങ്ങളിലും വാഴയിലകുമ്പിള്‍ പാത്രങ്ങളിലുമായാണ് വിഭവങ്ങള്‍ നിറച്ചിരുന്നത്. ചിരട്ടതവികളും പ്ലാവിലകുമ്പിള്‍കൊണ്ടും വിഭവങ്ങള്‍ ഇലകളില്‍ വിളമ്പി.
പന്തിയുടെ ഒരറ്റത്തായി വഞ്ചിപ്പാട്ടുകാര്‍ മാത്രമിരുന്നു. പന്ത്രണ്ടരയോടെയാണ് ഭക്തരെ നാടകശാലക്കുളളിലേക്ക് കടത്തിയത്.
തുടര്‍ന്ന് പുഞ്ചയരിച്ചോറ് വിളമ്പി സാമ്പാറും കുഴച്ച് ചോറുണ്ണാന്‍ തുടങ്ങി. ആഹാരം മുഴുവനും കഴിച്ചതിന് ശേഷം മാത്രമേ എല്ലാവരും എഴുന്നേല്‍ക്കാവു എന്നുളള നിര്‍ദ്ദേശം ഇടക്ക് നല്‍കിയിരുന്നു.
നാല് തരം ഉപ്പേരി, നാലുതരം പായസം, നാലുതരം അച്ചാര്‍ ഉള്‍പ്പെടെ ഊണ് കഴിച്ച് പച്ചമോരും കുടിച്ചതിന് ശേഷം ഭക്തര്‍ ചോറും കറിയും വാരിയെറിഞ്ഞ് നാടകശാലക്കുളളില്‍ ഓടി നടന്നു.
വഞ്ചിപ്പാട്ട് സംഘം പാട്ടുകള്‍ പാടിതാളം ചവിട്ടി കൂട്ടത്തോടെ പുറത്തിറങ്ങിയും ചോറും കറികളും ഭക്തര്‍ക്കിടയിലേക്ക് വാരിയെറിഞ്ഞു. നാടകശാല സദ്യയുടെ ഐതിഹ്യം വഞ്ചിപ്പാട്ടായി പാടികൊണ്ട് സംഘം പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പുത്തന്‍കുളത്തിനടുത്തെത്തി.
അവിടെ പ്രതീകാത്മകമായി സ്ഥാപിച്ച പുത്തന്‍കുളത്തില്‍ ഭക്തര്‍മുങ്ങി കുളിച്ച് ഈറനോടെ വഞ്ചിപ്പാട്ടുപാടി തിരികെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെത്തിയ സംഘത്തെ അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പഴക്കുലയും പണക്കിഴിയും നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് ഭക്തര്‍ കണ്ണന്റെ തിരുനടയിലെത്തി വഞ്ചിപ്പാട്ട് പാടി ദേവസ്വം അധികൃതരില്‍നിന്നും പണക്കിഴിയും വാങ്ങി ക്ഷേത്രക്കുളത്തില്‍ കുളിച്ചതിന് ശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."