ലക്ഷ്യം മറികടന്ന് നൂറ്കുളം പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
കൊച്ചി: ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറ്കുളം പദ്ധതി ലക്ഷ്യം മറികടന്നു. 100 കുളം പദ്ധതി ലക്ഷ്യം മറികടന്ന് 105 കുളങ്ങളാണ് ഈ വര്‍ഷം ശുചീകരണം പൂര്‍ത്തിയാക്കുന്നത്.
26നു വൈകിട്ട് നാലിന് രായമംഗലം ഗ്രാമപഞ്ചായത്തിലെ ചെങ്ങനാടിക്കല് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിക്കും.
2016ല്‍ കലക്ടര്‍ എം.ജി രാജമാണിക്കത്തിന്റെ നേതൃത്വത്തില്‍ എന്റെ കുളം എറണാകുളം എന്ന പേരിലാണ് പദ്ധതിയുടെ ആരംഭം. തുടര്‍ന്ന് നൂറുകുളം അമ്പതുദിനം എന്ന പേരില്‍ 2017 ഏപ്രില്‍ ഒന്നിന് ജില്ല കളക്ടര്‍ മുഹമ്മദ്. വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 100 കുളം മൂന്നാം ഘട്ടം പദ്ധതിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സഹകരണത്തോടു കൂടി ഹരിത കേരളം മിഷന്, മൈനര്‍ ഇറിനേഷന്‍, ശുചിത്വമിഷന്, നെഹ്റു യുവകേന്ദ്ര, അന്‍പൊട് കൊച്ചി, ഗ്രാമപഞ്ചായത്ത് എന്നിവരും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
എടക്കാട്ടുവയല്‍, ഉദയംപേരൂര്‍, വാഴക്കുളം, കുട്ടമ്പുഴ, രായമംഗലം, വടവുകോട് പുത്തന്‍കുരിശ് എന്നീ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയിലെയും പൂക്കാട്ടുചിറ, ഊഴക്കോട് ചിറ, അമ്പലക്കുളം, മലേക്കാടു കുടിവെള്ള പദ്ധതി കുളം, മറക്കാട്ടുക്കുളം, കുട്ടന്പാറ പാടി കുളം എന്നീ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഈ വാരം പൂര്‍ത്തിയാക്കിയത്.
2018 മാര്‍ച്ച് നാലിന് ആരംഭിച്ച പദ്ധതി ഈയാഴ്ച ലക്ഷ്യം മറികടക്കും. മൂന്ന് വര്‍ഷങ്ങളിലായി എറണാകുളം ജില്ലയിലെ 300 ഓളം കുളങ്ങളാണ് പദ്ധതി പ്രകാരം നവീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."