സൂക്ഷിക്കുക; ഭക്ഷണത്തിനൊപ്പം റോഡിലെ പൊടിയുമുണ്ട്
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ ആശുപത്രിയുടെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത തട്ടുകള്‍ നല്‍കുന്ന വിവിധതരം ഭക്ഷണങ്ങള്‍ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞതാണെന്നാണ് ആക്ഷേപം. ആരോഗ്യ വകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇടപെട്ട് ഭക്ഷണശാലകള്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ചുങ്കം മെഡിക്കല്‍ കോളജ് വഴി ഏറ്റുമാനൂര്‍ റോഡിന്റെ, അമ്പലക്കവല അമ്മഞ്ചേരിഭാഗം, മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്‍ഭാഗത്തെ റോഡ് എന്നിവിടങ്ങളില്‍ റോഡ് പുനരുദ്ധാരണ ജോലികള്‍ നടന്നു വരികയാണ്. റോഡ് നിര്‍മാണം നടത്തുമ്പോള്‍ ഉണ്ടാകുന്ന പൊടിപടലം റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനധികൃത തട്ടു കടകള്‍ക്ക് ഉള്ളിലേയ്ക്കാണ് പ്രവേശിക്കുന്നത്. ഇത് ഭക്ഷണ പദാര്‍ഥങ്ങളില്‍ പറ്റിപ്പിടിക്കുന്നു. കൂടാതെ റോഡ് വശങ്ങളില്‍ തന്നെയാണ് എണ്ണപ്പലഹാരങ്ങളും ഉണ്ടാക്കുന്നത്. പൊടിപടലങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം ജനങ്ങള്‍ക്ക് രോഗങ്ങള്‍ ക്ഷണിച്ചുകരുത്തുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറി ഗെയിറ്റിന് മുന്‍വശം 40 വര്‍ഷത്തിലധികം പഴക്കമുള്ള അനധികൃത കടകളാണുള്ളത്. പഞ്ചായത്തിന് സ്ഥല വാടകയോ, വൈദ്യുതി, വെള്ളം വാടകയോ നല്‍കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ കടകള്‍ക്കെതിരെ ഒരു പഞ്ചായത്ത് ഭരണസമിതിക്കും ശക്തമായ തീരുമാനം എടുത്ത് ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുവാന്‍ കഴിയുന്നില്ല. ഇത്തവണത്തെ പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റെടുത്ത ഉടന്‍ ചിലപ്രഹസനം നടത്തിയതൊഴിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുവാന്‍ സാധിച്ചില്ല.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത് സാധാരന്നക്കാരായതിനാല്‍ ഇവരുടെ ബന്ധുക്കളോ കൂട്ടുരിപ്പുകാരോ ഈ കടകളില്‍ കയറി ഭക്ഷണം കഴിക്കുകയും രോഗികള്‍ക്ക് വേണ്ടി പാഴ്‌സല്‍ വാങ്ങി കൊണ്ടു പോകുകയും ചെയ്യുന്നു. ഈ ഭക്ഷണം കഴിക്കുന്നത് മൂലം കൂട്ടിരുപ്പുകാരും രോഗികളാകുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."