ചരിത്ര ശേഷിപ്പായ കരിങ്ങോള്‍ച്ചിറ പൊലിസ്‌സ്റ്റേഷന്‍ നവീകരിച്ചു
പുത്തന്‍ചിറ: നൂറ്റാണ്ടുകളുടെ കഥപറയുന്ന പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചരിത്രസ്മാരകങ്ങളില്‍ ഒന്നായ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട കരിങ്ങോള്‍ച്ചിറ പൊലിസ് സ്റ്റേഷന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചു.
തിരുവിതാംകൂര്‍ രാജ ഭരണകാലത്ത് നിര്‍മിച്ച പൊലിസ് എയ്ഡ് പോസ്റ്റ് കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലായിരുന്നു. ഈ ചരിത്രസ്മാരകം സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെയും ചരിത്രകുതുകികളുടെയും ഏറെനാളത്തെ മുറവിളിയ്‌ക്കൊടുവിലാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് സ്മാരകം സംരക്ഷണം ഏറ്റെടുത്തത്.
കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും കഴിക്കോലുകള്‍ മാറ്റി സ്ഥാപിക്കുകയുമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഇതിന് സമീപമുള്ള മറ്റൊരു സ്മാരകമായ അഞ്ചല്‍പെട്ടിക്ക് സംരക്ഷണ മേല്‍ക്കൂര നിര്‍മിക്കും. ഇതിന്റെ സംരക്ഷണവും പഞ്ചായത്ത് മുന്‍കൈയെടുത്ത് ചെയ്യുന്നുണ്ട്. പൊലിസ് എയ്ഡ് പോസ്റ്റിന് ചുറ്റും മതില്‍ കെട്ടിയുള്ള സംരക്ഷണവും പരിഗണനയിലുണ്ട്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.
തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു പൊലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്.
കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും അതിര്‍ത്തിയായ ഇവിടെ കള്ളക്കടത്തുകള്‍ തടയാനും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമായാണ് ലോക്കപ്പടക്കമുള്ള പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.
പുകയില, ചെങ്കല്ല് തുടങ്ങിയവയായിരുന്നു അന്ന് അതിര്‍ത്തി കടത്തിയിരുന്നത്. ഐക്യ കേരളം നിലവില്‍ വന്നതോടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ സ്മാരകങ്ങള്‍ നശിക്കുകയായിരുന്നു. ആകെ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ച്ചയുണ്ടായി ചുമരുകള്‍ പോലും നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു പൊലിസ് സ്റ്റേഷന്‍ കെട്ടിടം. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയോ മുസിരിസ് പൈതൃക പദ്ധതിയില്‍പ്പെടുത്തുകയോ ചെയ്യണമെന്ന ജനാവശ്യത്തിന് നേരെ കണ്ണടക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."