ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി. സിദ്ദീഖ്
കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം പകര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിനിയുടെ മരണം ഏറെ വേദനാജനകമാണ്. മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയുടെ ഇരയാണ് ലിനി. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വജീവന്‍ ത്യജിച്ച ലിനിയുടെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ലിനിയുടെ കൊച്ചുകുട്ടികള്‍ അടക്കമുള്ള കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും നടപടിയുണ്ടാകണം.
ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണു കാണിച്ചത്. സ്രവപരിശോധനാ ഫലങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് ലഭിക്കുമായിരുന്നിട്ടും ആദ്യത്തെ മരണം നടന്നതിനു ശേഷവും ആരോഗ്യവകുപ്പ് ഉറക്കത്തിലായിരുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി മെംബര്‍ കെ. ബാലനാരായണന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിതേഷ് മുതുകാട്, യു.ഡി.എഫ് നേതാക്കളായ ആവള ഹമീദ്, കെ.എ ജോസ്‌കുട്ടി, ജോസ് കാരിവേലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."