മെഡിക്കല്‍ കോളജിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല രോഗികള്‍ 'ദുരിതപ്പടി' കയറിയിറങ്ങണം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരരോഗ ബാധിതരായ നൂറുകണക്കിന് രോഗികളാണ് ഇതുമൂലം ദിവസവും 'ദുരിതപ്പടികള്‍' കയറിയിറങ്ങേണ്ടുന്നത്. വാര്‍ഡ് ബ്ലോക്കിലേതും കാന്‍സര്‍ വാര്‍ഡിനു സമീപത്തുള്ളതുമുള്‍പ്പെടെ പുതുതായി സ്ഥാപിച്ച ആറു ലിഫ്റ്റുകളാണ് പ്രവര്‍ത്തനരഹിതമായത്. സ്വകാര്യ കമ്പനിയായ ടൈസണ്‍ സ്ഥാപിച്ച ഏഴു ലിഫ്റ്റുകളില്‍ ഉള്‍പ്പെടുന്നവയാണിത്. ലിഫ്റ്റുകള്‍ സ്ഥാപിച്ച തുകപോലും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനാകില്ലെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. സ്ഥാപിച്ച വകയില്‍ തന്നെ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് നീക്കിവയ്ക്കുന്ന തുകയും വകയിരുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 1, 4, 5, 7 വാര്‍ഡുകള്‍, ഒ.പി, കാന്‍സര്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന സാവിത്രി സാബു കെട്ടിടം എന്നിവിടങ്ങളിലാണ് ലിഫ്റ്റുള്ളത്. ഇതില്‍ ഒ.പിക്ക് സമീപമുള്ള ലിഫ്റ്റ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ നാലു ലിഫ്റ്റുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതു രോഗികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്.
15 വര്‍ഷം മുന്‍പ് സ്ഥാപിച്ചവയാണ് ഇവിടുത്തെ ലിഫ്റ്റുകള്‍. പ്രവര്‍ത്തനക്ഷമമായിട്ടും മൂന്നു ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയാണെന്നും അക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 11 ലിഫ്റ്റ് ഓപറേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കെല്ലാം ജോലി ചെയ്യാതെ ശമ്പളം വാങ്ങാവുന്ന സാഹചര്യമാണിപ്പോഴുള്ളത്.
ഒ.ടി.സി, കോണ തുടങ്ങിയ മുന്‍കാലങ്ങളിലുണ്ടായിരുന്ന ലിഫ്റ്റുകള്‍ക്ക് തകരാറുകള്‍ കുറവായിരുന്നെങ്കിലും വിലക്കൂടുതല്‍ പ്രതികൂല ഘടകമാവുകയായിരുന്നു.
പിന്നീട് വിലനിലവാരത്തില്‍ താരതമ്യേന കുറവുള്ള ഒമേഗ കമ്പനിക്ക് കരാര്‍ നല്‍കി. സര്‍വിസ് കാലാവധി പുതുക്കുന്നതില്‍ താമസം നേരിട്ടാലും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുമായിരുന്ന ഇവര്‍ക്ക് പക്ഷേ അടിക്കടിയുണ്ടായ ലിഫ്റ്റിന്റെ തകരാറുകള്‍ വിനയാകുകയായിരുന്നു. തുടര്‍ന്നാണ് ടൈസണ്‍ എന്ന സ്വകാര്യ കമ്പനി ഏഴു ലിഫ്റ്റുകള്‍ സ്ഥാപിച്ചത്. പണം ലഭിക്കാത്തതിനാല്‍ കമ്പനി അധികൃതര്‍ മനഃപൂര്‍വം ലിഫ്റ്റില്‍ തകരാറുകള്‍ വരുത്തുകയാണെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."