ഭീതിയോടെ ഉമ്മത്തൂര്‍ നിവാസികള്‍; ഭയപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്
പാറക്കടവ്: ജില്ലയില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭീതിയോടെ ഉമ്മത്തൂര്‍ നിവാസികള്‍. സമാനമായ രോഗലക്ഷണങ്ങളോടെ ഉമ്മത്തൂര്‍ സ്വദേശി തട്ടാന്റവിട അശോകനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി പിടിപെട്ടതോടെ തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയ അശോകനെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. രോഗബാധ പടരുമെന്ന ഭീതിയുള്ളതിനാല്‍ വെന്റിലേറ്ററിലുള്ള അശോകനെ വിദഗ്ധ ചികിത്സയ്ക്കായ് മറ്റെവിടേക്കും മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്.
അതേസമയം നിപാ വൈറസ് ബാധയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രക്തസാംപിള്‍ രോഗ നിര്‍ണയത്തിനായി ലാബിലേക്ക് അയച്ചു. പിക്കപ്പ് വാന്‍ ഡ്രൈവറായ അശോകന്റെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി. വൈറസ് പനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രദേശത്ത് കണ്ടെത്തിയതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് അടിയന്തര ഇന്റര്‍സെക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പനി പിടിച്ചവര്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചു. ഇന്നു വിപുലമായ സര്‍വകക്ഷിയോഗവും പഞ്ചായത്ത് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."